മാഹി: കേന്ദ്ര ഭരണ പ്രദേശമായ മയ്യഴിയേയും, കേരളക്കരയേയും ബന്ധിപ്പിക്കുന്ന മാഹി പാലം വീണ്ടും അപകടാവസ്ഥയിലായി. പാലത്തിന്റെ സ്പാനുകൾക്കിടയിലുള്ള വിടവിലെ ടാർ മിശ്രിതം വീണ്ടും ചിലയിടങ്ങളിൽ അടർന്നു തുടങ്ങിയിട്ടുണ്ട്. വാഹനങ്ങൾ അടർന്ന ഭാഗത്ത് കയറിയിറങ്ങുമ്പോൾ ഉണ്ടാകുന്ന ആഘാതത്തിൽ വിടവുകൾ വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്.
നിലവിൽ പാലത്തിൽ നാഷണൽ ഹൈവേയുടെ നിർമ്മാണവും പരിപാലനവുമാണ് നടക്കുന്നത്. ദേശീയപാതാ അതോറിറ്റിയുടെ കീഴിലായതിനാൽ മയ്യഴി പൊതുമരാമത്ത് വകുപ്പിന് സ്വമേധയാ അറ്റകുറ്റപ്പണി നടത്താനും കഴിയില്ല.
തലശ്ശേരി- മാഹി ബൈപാസിന് പുതിയ പാലം മയ്യഴി പുഴയിൽ നിർമ്മിച്ചിരിക്കെ, ഈ പാലം പുതുക്കി പണിയാൻ ദേശീയ പാതാ അതോറിറ്റിക്ക് താൽപ്പര്യമില്ലെന്നറിയുന്നു. പുതിയ പാലമെന്ന ആശയം നിലവിൽ അതോറിറ്റിക്ക് മുന്നിലില്ലെന്നും, സംസ്ഥാന സർക്കാരിന് താൽപ്പര്യമുണ്ടെങ്കലേ പുതിയ പാലം യാഥാർത്ഥ്യമാവുകയുള്ളൂവെന്നും ദേശീയപാതാ വിഭാഗം സൂപ്രണ്ടിംഗ് എൻജിനീയർ എ. മുഹമ്മദ് അടുത്തിടെ മാഹി പാലത്തിന്റെ ബലക്ഷയത്തെക്കുറിച്ച് പരശോധിക്കാനെത്തിയപ്പോൾ വ്യക്തമാക്കുകയുണ്ടായി.
വിവരമറിഞ്ഞ് രമേഷ് പറമ്പത്ത് എം.എൽ.എ കഴിഞ്ഞദിവസം പാലം സന്ദർശിച്ചു. കോൺഗ്രസ് നേതാക്കളായ കെ. മോഹനൻ, അഡ്വ: എം.ഡി. തോമസ്, കെ. ഹരീന്ദ്രൻ, ജിതേഷ് വാഴയിൽ, കെ.കെ. ശ്രീജിത്ത് എന്നിവരും എം.എൽ.എയോടൊപ്പം ഉണ്ടായിരുന്നു.
നിത്യേന ഇടതടവില്ലാതെ വാഹനങ്ങൾ കടന്ന് പോകുന്ന നാഷണൽ ഹൈവേയുടെ ഭാഗമായ മാഹി പാലത്തിന്റെ വിള്ളൽ, പരിശോധിച്ച് ആവശ്യ അറ്റകുറ്റപണികൾ നടത്തി യാത്രക്കാരുടെ ആശങ്ക അകറ്റണം. കണ്ണൂർ-കോഴിക്കോട് ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്നതും, പള്ളൂരിൽ നിന്നും ഭരണസിരാകേന്ദ്രമായ മാഹിയിലേക്കുള്ള ഏക ആശ്രയവുമായ പാലത്തിന്റെ വിള്ളൽ ആശങ്കയുണ്ടാക്കുന്നു.
രമേഷ് പറമ്പത്ത് എം.എൽ.എ
കുലുക്കമില്ലാത്ത ഫ്രഞ്ച് തൂണുകൾ
ഫ്രഞ്ച് ഭരണകാലത്തുണ്ടായിരുന്ന മരപ്പാലം ഒലിച്ചുപോയപ്പോൾ പുതുച്ചേരി ഫ്രഞ്ച് അസംബ്ലിയിൽ 1926ൽ പുതിയ പാലത്തിനായുള്ള ആവശ്യമുയർത്തിയത് നാലുപുരക്കൽ സഹദേവൻ വക്കീലാണ്. തുടർന്ന് ഫ്രഞ്ചുകാരും ഇംഗ്ലീഷുകാരും ചേർന്ന് ഇരുമ്പ് പാലം നിർമ്മിച്ചു.1928ൽ സെമിന്ദാർ കുമാരമംഗലം തറക്കല്ലിട്ട പാലം, 1933 മാർച്ച് 2ന് സർ സി. ശങ്കരൻ നായരാണ് ഉദ്ഘാടനം ചെയ്തത്. പിന്നീട് 1971ൽ മേൽഭാഗം മാത്രം നീക്കം ചെയ്ത് 380 അടി നീളത്തിലും, മൂന്ന് അടി വീതം പതിയുള്ള ഫുട്പാത്തുമടക്കം ഇരുഭാഗങ്ങളിലും നിർമ്മിച്ചു. ഫ്രഞ്ച് ഭരണകാലത്ത് നിർമ്മിച്ച അസ്ഥിവാരവും, തൂണുകളും ഇപ്പോഴും ബലവത്താണെന്നാണ് അടുത്തിടെ വിദഗ്ധ സംഘം വിലയിരുത്തി.