പ്രശ്നങ്ങൾ നേരിടുന്ന കുട്ടികൾ 3605
കണ്ണൂർ: ഓൺലൈൻ പഠന സൗകര്യവുമായി ബന്ധപ്പെട്ട് ജില്ലയിലെ കുട്ടികൾ നേരിടുന്ന പ്രശ്നങ്ങൾക്ക് ഉടൻ പരിഹാരം കണ്ടെത്താനുള്ള നടപടികൾ തദ്ദേശ സ്ഥാപനതലത്തിൽ ആരംഭിച്ചു. ഗ്രാമപഞ്ചായത്തുകളിൽ ഓൺലൈൻ പഠന സൗകര്യം ഒരുക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യയുടെ അദ്ധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡന്റുമാരുടെ യോഗം ചേർന്നാണ് ഇക്കാര്യം തീരുമാനിച്ചത്.
ഇലക്ട്രിസിറ്റി, നെറ്റ് വർക്ക് പ്രശ്നങ്ങൾ, ഓൺലൈൻ പഠനോപകരണങ്ങളുടെ അഭാവം തുടങ്ങിയ പ്രശ്നങ്ങളാണ് വിദ്യാർത്ഥികൾ നേരിടുന്നത്. പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ പരിശോധന നടത്തി അർഹരായ കുട്ടികളെ കണ്ടെത്തണമെന്ന് പി.പി ദിവ്യ പറഞ്ഞു. സ്‌കൂളുകളിൽ നിയമിതരായ നോഡൽ ഓഫീസർമാർ, പഠന സഹായ സമിതി, വാർഡ് മെമ്പർമാരുടെ മേൽനോട്ടത്തിലുള്ള വാർഡ് ജാഗ്രത സമിതികൾ എന്നിവർ ചേർന്ന് പ്രശ്നങ്ങൾ കണ്ടെത്തി അവ പരിഹരിച്ച് കുട്ടികളുടെ ഓൺലൈൻ പഠനം സുഗമമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണം.
ഓൺലൈനായി നടന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി. ചന്ദ്രൻ, ഡി.ഡി.ഇ സി. മനോജ്കുമാർ, ഡി.പി.എം ഡോ. പി.കെ. അനിൽകുമാർ, ഡോ. ബി. സന്തോഷ് തുടങ്ങിയവർ പങ്കെടുത്തു.
വാക്സിനേഷൻ വീടുകളിൽ
ജില്ലയിലെ കിടപ്പു രോഗികൾക്ക് വാക്സിൻ ലഭ്യമാക്കുന്നതിനുള്ള ജില്ലാ പഞ്ചായത്ത് പദ്ധതിയുടെ പുരോഗതിയും യോഗം വിലയിരുത്തി. മൊബൈൽ വാക്സിനേഷൻ കേന്ദ്രത്തിൽ എത്തിക്കാൻ കഴിയാത്ത രോഗികൾക്ക് മാത്രമാണ് വാക്സിൻ വീടുകളിൽ ചെന്ന് ലഭ്യമാക്കുക. തദ്ദേശ സ്ഥാപനതലത്തിൽ ഇത്തരത്തിലുള്ള രോഗികളുടെ കൃത്യമായ വിവരങ്ങൾ ശേഖരിക്കുന്നതിനും 15ന് മുമ്പ് വ്യക്തമായ റൂട്ട് മാപ്പ് തയ്യാറാക്കുന്നതിനും യോഗം നിർദ്ദേശം നൽകി.
അർഹതയുള്ള ഒരു കുട്ടിക്ക് പോലും സഹായം ലഭിക്കാത്ത അവസ്ഥ വരാതിരിക്കാൻ ജനപ്രതിനിധികൾ ശ്രദ്ധിക്കണം. ക്വാറികളിൽ നിന്ന് ഈടാക്കുന്ന പിഴതുക ഉപയോഗിച്ച് പഠനസഹായം ഒരുക്കാൻ ജില്ലാ കളക്ടർ അനുമതി നൽകിയിട്ടുണ്ട്. ഈ സാദ്ധ്യതകൾ പരിഗണിക്കാം.
പി.പി ദിവ്യ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്