p-jayarajan

കണ്ണൂർ: സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജനുമായി കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്ന് ജനാധിപത്യ രാഷ്ട്രീയ പാർട്ടി നേതാവ് പ്രസീത അഴീക്കോട് പറഞ്ഞു. എൻ.ഡി.എയുമായി സഹകരിക്കാൻ സി.കെ. ജാനുവിന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ പത്ത് ലക്ഷം രൂപ നൽകിയ സംഭവത്തിൽ കൂടുതൽ തെളിവുകൾ കഴിഞ്ഞ ദിവസം പ്രസീത പുറത്തുവിട്ടിരുന്നു.

ഇത് പി. ജയരാജനുമായി നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണെന്നായിരുന്നു സുരേന്ദ്രന്റെ പ്രതികരണം. ഇതിനെതിരെയാണ് പ്രസീത രംഗത്തുവന്നത്.

ജയരാജനുമായി താൻ സംസാരിച്ചതിന് തെളിവുണ്ടെങ്കിൽ സുരേന്ദ്രൻ ഹാജരാക്കണം. തങ്ങളെ സി.പി.എം സംരക്ഷിക്കുന്നുവെന്ന വാദം ഉയർത്തിക്കൊണ്ടുവരികയാണ് സുരേന്ദ്രന്റെ ലക്ഷ്യം. ജനാധിപത്യ രാഷ്ട്രീയ പാർട്ടിയോട് ഘടകകക്ഷിയെന്ന നിലയിൽ ഒരു മര്യാദയും സുരേന്ദ്രൻ കാണിച്ചിട്ടില്ല. ബി.ജെ.പിയുടെ ദളിത്, ആദിവാസി സ്നേഹം തീർത്തും കപടമാണ്. ഇതിന് ഉദാഹരണമാണ് അവർ സുൽത്താൻ ബത്തേരിയിൽ വോട്ട് മറിച്ചതെന്നും പ്രസീത ആരോപിച്ചു. പ്രസീതയുമായി കൂടികാഴ്ച നടത്തിയെന്ന ആരോപണം പൂർണമായും തള്ളാൻ ജയരാജൻ തയ്യാറായിട്ടില്ല.