bjp

കാസർകോട്: ബി.ജെ.പിക്കെതിരെ വിവാദ വെളിപ്പെടുത്തൽ നടത്തിയ മഞ്ചേശ്വരത്തെ അപരൻ കെ.സുന്ദര, രണ്ടരലക്ഷം രൂപ നൽകും മുമ്പ് പത്രിക പിൻവലിക്കുന്നതിനായി ബി.ജെ.പി നേതാക്കൾ തട്ടിക്കൊണ്ടുപോയി തടങ്കലിൽ പാർപ്പിച്ചു ഭീഷണിപ്പെടുത്തിയെന്ന് പൊലീസിന് ഇന്നലെ മൊഴി നൽകി. ഷേണിയിലെ ബന്ധുവീട്, പെർള വാണിനഗറിലെ സ്വന്തം വീട് എന്നിവിടങ്ങളിലായി മൊഴിയെടുപ്പ് ആറു മണിക്കൂർ നീണ്ടു.

സുന്ദരയുടെ മാതാവ്, മരുമകൻ, മരുമകൾ എന്നിവരിൽ നിന്ന് അന്വേഷണസംഘം മൊഴിയെടുത്തിട്ടുണ്ട്. ഫോൺകാൾ രേഖകളും പരിശോധിച്ചു. കാസർകോട് ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി സതീഷ്‌കുമാറിന്റെ നേതൃത്വത്തിലായിരുന്നു മൊഴിയെടുപ്പ്. തട്ടിക്കൊണ്ടുപോയെന്ന പുതിയ മൊഴിയനുസരിച്ച് കേസിൽ ജാമ്യമില്ലാ കുറ്റം കൂടി ചേർക്കുകയോ പുതിയ എഫ്.ഐ.ആർ ഇടുകയോ ചെയ്‌തേക്കുമെന്നാണ് അറിയുന്നത്.