ana

കാസർകോട്: കർണ്ണാടക വനത്തിൽ നിന്ന് കൂട്ടത്തോടെ ഇറങ്ങിവന്ന 17 കാട്ടാനകൾ കേരളത്തിന്റെ വനാതിർത്തിക്കുള്ളിൽ. കേരളത്തിലെ ഒന്നാം പ്രളയ സമയത്ത് കർണ്ണാടകയിലെ മടിക്കേരി -കുടക് മേഖലയിൽ ഉണ്ടായ ഉരുൾപൊട്ടലിന് മുമ്പ് അവിടെ നിന്നും പലായനം ചെയ്ത കാട്ടാനകൾ രണ്ടുവർഷമായിട്ടും കേരള വനത്തിനുള്ളിൽ സുഖമായി മദിച്ചു കഴിയുകയാണ്. അതിർത്തി കടന്ന് എത്തിയ ആനകളെ കർണ്ണാടകത്തിലേക്ക് തുരത്താനുള്ള 'ഓപ്പറേഷൻ ഗജ' ഉൾപ്പെടെയുള്ള വനംവകുപ്പിന്റെ പൊടിക്കൈകളൊന്നും വകവെക്കാതെ ആനക്കൂട്ടങ്ങൾ അതിർത്തിയിലെ ജനജീവിതത്തിന് കടുത്ത ഭീഷണിയാവുകയാണ്. കർണ്ണാടക വനത്തിലെ ഉരുൾപൊട്ടൽ മുൻകൂട്ടി അറിഞ്ഞാണ് ആനകൾ കേരള വനത്തിലേക്ക് ചേക്കേറിയത്. 18 ആനകൾ എത്തിയതിൽ ഒരു ആനക്കുട്ടി ചെരിഞ്ഞിരുന്നു.

ഈ ആനകളെ ഒരിക്കൽ കർണ്ണാടക വനത്തിലേക്ക് തുരത്തിയതായി വനംവകുപ്പ് അവകാശപ്പെട്ടിരുന്നു. എന്നാൽ ഈ കാട്ടാനകൾ ബന്തടുക്ക, പരപ്പ, കാറഡുക്ക കാട്ടിനുള്ളിൽ ഇപ്പോഴുമുണ്ടെന്ന് നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു. ആനകളെ കണ്ടുവെന്ന് പറയുമ്പോൾ എത്തുന്ന വനം വകുപ്പ് ഉദ്യോഗസ്ഥർ രണ്ടു വെടിപൊട്ടിച്ച് സ്ഥലം വിടുകയാണ് ചെയ്യുന്നത്. 17 ആനകളെ നേരിടാൻ മൂന്ന് ഫോറസ്റ്റർമാരെ ആണ് അതിർത്തിയിൽ ഡ്യുട്ടി ഏല്പിച്ചിരിക്കുന്നത്. ഇവർക്ക് സഞ്ചരിക്കാൻ ആകെയുള്ളത് ഒരു വാഹനവും. റാപ്പിഡ് റെസ്പോൺസ് ടീമിന് എല്ലായിടങ്ങളിലും ഓടിയെത്താനും ആനകളെ നേരിടാനും കഴിയില്ല.

ഒന്നാം പിണറായി സർക്കാർ അധികാരത്തിൽ വന്നയുടനെ പ്രഖ്യാപിച്ച ഫോറസ്റ്റ് റെയ്ഞ്ച് സ്റ്റേഷൻ ഇതുവരെ പൊങ്ങിയില്ല. സ്റ്റേഷൻ നിലവിൽ വന്നാൽ 45 ബീറ്റ് ഫോറസ്റ്റ് ഉദ്യോഗസ്ഥരെ ലഭിക്കുമെങ്കിലും കാത്തിരിപ്പിന് അഞ്ചു വർഷമായി. നാടിറങ്ങുന്ന ആനക്കൂട്ടങ്ങൾ തെങ്ങ്, കവുങ്ങ്, വാഴ തുടങ്ങിയ കാർഷിക വിളകൾ വ്യാപകമായി നശിപ്പിക്കാൻ തുടങ്ങിയതോടെ ബേഡഡുക്ക, കുറ്റിക്കോൽ, ദേലമ്പാടി, കാറഡുക്ക, മുളിയാർ എന്നീ അഞ്ചു പഞ്ചായത്തുകളിലെ ജനങ്ങൾ ഭീതിയോടെയാണ് കഴിയുന്നത്. ലക്ഷകണക്കിന് രൂപയുടെ കാർഷിക വിളകളാണ് കഴിഞ്ഞ വർഷങ്ങളിൽ ഇവിടെ നശിപ്പിക്കപ്പെട്ടത്.

കാസർകോട് വനം ഡിവിഷനിൽ മാത്രം വന്യമൃഗങ്ങളുടെ ആക്രമണത്തിൽ കൃഷിനാശം, പരിക്ക്, ജീവഹാനി എന്നിവ സംഭവിച്ചതിന് 2016 മുതൽ 2021 വരെ 2.23 കോടി രൂപ നഷ്ടപരിഹാരം തന്നെ വിതരണം ചെയ്തിട്ടുണ്ട്. 17 ആനകൾ കാട്ടിൽ നിന്നും ഇറങ്ങി നാശം വിതച്ച ഈ വർഷമാണ് ഏറ്റവും കൂടുതൽ നഷ്ടപരിഹാരം നൽകിയത്. 72.85 ലക്ഷം രൂപ. കർണ്ണാടക ആനകളെ പ്രതിരോധിക്കുന്നതിന് കേരള -കർണ്ണാടക വനാതിർത്തികളിൽ ആനവേലി, ആന കിടങ്ങ്, ആന മതിൽ എന്നിവ നിർമ്മിക്കുന്നതിന് നടപടി സ്വീകരിച്ചതായി ഉദുമ എം.എൽ.എ സി.എച്ച് കുഞ്ഞമ്പുവിന്റെ സബ് മിഷന് വനംവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ നിയമസഭയിൽ മറുപടി നൽകിയിരുന്നു. എന്നാൽ ഈ താത്ക്കാലിക സോളാർ വേലി നിർമ്മാണത്തിന്റെ മറവിൽ ലക്ഷങ്ങളാണ് മറിയുന്നതെന്ന് ആരോപണം ശക്തമാണ്. സോളാർ വേലികളെല്ലാം പൊടിപൊടിയാക്കിയാണ് ആനകൾ വന്നുപോകുന്നത്. വേലിയുടെ മറവിൽ കൊയ്ത്തുള്ളതിനാൽ ആനകളെ തടയാൻ സ്ഥിരം സംവിധാനം ഉണ്ടാക്കാൻ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് താത്പര്യ കുറവാണെന്ന് നാട്ടുകാർ കുറ്റപ്പെടുത്തുന്നു.

നൽകിയ നഷ്ടപരിഹാരം

2015-16 -31.06 ലക്ഷം

2016-17 -41.42 ലക്ഷം

2017-18 -29.15 ലക്ഷം

2018-19 -22.73 ലക്ഷം

2019-20-35.32 ലക്ഷം

2020-21 -72.85 ലക്ഷം