കാഞ്ഞങ്ങാട്: ലോക്ക് ഡൗണും ഇന്ധന വില വർദ്ധനയും ഇരട്ട പ്രഹരമായി മാറിയപ്പോൾ പെരുവഴിയിലായി ചരക്ക് ഗതാഗത മേഖല. സംസ്ഥാനത്ത് ചെറുതും വലുതുമായി പതിനായിരക്കണക്കിന് ചരക്കുവാഹനങ്ങളുണ്ട്. ലക്ഷക്കണക്കിന് ജീവനക്കാരാണ് ഈ മേഖലയെ ആശ്രയിക്കുന്നത്. ലോക്ക് ഡൗണിൽ ചരക്കുവാഹനങ്ങൾക്ക് പ്രവർത്തനാനുമതിയുണ്ടെങ്കിലും ഭൂരിപക്ഷം കച്ചവട സ്ഥാപനങ്ങളും നിർമ്മാണവ്യവസായ ശാലകളും അടഞ്ഞത് ഓട്ടം കുറയാൻ കാരണമായി.

ഇന്ധന വില നൂറിലെത്തിയതും മേഖലയെ പ്രതിസന്ധിയിലാക്കി. നിലവിലെ അവസ്ഥയിൽ വാടക വർദ്ധനയും ലോറി ഉടമകൾ ഉന്നയിക്കുന്നു. ഇന്ധന വില വർദ്ധനവിന് ആനുപാതികമായി വാടക വർദ്ധിപ്പിച്ചാൽ അത് തിരിച്ചടിയാകുമോ എന്ന ആശങ്കയുമുണ്ട്. വലിയ നഷ്ടം സഹിച്ചാണ് പലരും വാഹനം നിരത്തിലിറക്കുന്നത്. ഇൻഷ്വറൻസ്, ഫിറ്റ്നസ് എന്നിവയുടെ കാലാവധി നീട്ടി നികുതിയിളവ് അനുവദിക്കണമെന്ന ആവശ്യവും ശക്തമാണ്.

ഒരു സുരക്ഷാ മുൻകരുതലും പാലിക്കാത്തയിടങ്ങളിൽ പലപ്പോഴും ചരക്കുമായി പോകേണ്ട സാഹചര്യത്തിൽ ഡ്രൈവർമാർക്ക് വാക്സിനേഷൻ മുൻഗണന ലഭ്യമാക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. ഓട്ടം ഇല്ലാതായതോടെ വായ്പ തിരിച്ചടവ് പ്രതിസന്ധിയിലാണ്.

വായ്പയിൽ കുടുങ്ങി

ഉപയോഗിച്ച് കൈമാറ്റം ചെയ്തുവന്ന വാഹനങ്ങളാണ് ചരക്കുവാഹന മേഖലയിൽ ഭൂരിഭാഗവും. ദേശസാത്കൃത ബാങ്കുകളിൽ നിന്ന് പുതിയ വാഹനം ഒഴികെയുള്ളവക്ക് വായ്പ ലഭിക്കാത്തതിനാൽ ന്യൂ ജനറേഷൻ ബാങ്കുകളിൽ നിന്ന് വായ്പയെടുത്താണ് ഭൂരിഭാഗം പേരും വാഹനം വാങ്ങുക. തിരിച്ചടവ് മുടങ്ങിയതിനാൽ പലിശയും കൂട്ടുപലിശയും നൽകണം. സ്വർണ്ണം ഉൾപ്പെടെ പണയപ്പെടുത്തിയാണ് വായ്പ തിരിച്ചടയ്ക്കുന്നത്. ഓട്ടം കിട്ടിയില്ലെങ്കിൽ പെരുവഴിയാകുമെന്ന ആശങ്കയിലാണ് വാഹന ഉടമകളും ജീവനക്കാരും.