കാഞ്ഞങ്ങാട്: കൊവിഡിന്റെ രണ്ടാംവരവും ലോക്ക് ഡൗണും മൂലം നട്ടംതിരിഞ്ഞ് ഓട്ടോ തൊഴിലാളികൾ. ആദ്യ ലോക്ക് ഡൗൺ വരുത്തിവച്ച ദുരിതത്തിൽ നിന്നും കരകയറാനൊരുങ്ങവെയാണ് രണ്ടാം വരവിന്റെ പ്രഹരം. അടച്ചിടൽ ഒരു മാസത്തോടടുക്കുമ്പോൾ വരുമാനം നിലച്ച ഓട്ടോ തൊഴിലാളികൾ വലിയ പ്രതിസന്ധിയിലാണ്.

വിനോദ സഞ്ചാര മേഖലയടക്കം പൂർണ്ണമായി അടഞ്ഞ് കിടക്കുന്നത് ടാക്സി തൊഴിലാളികളുടെ വരുമാനവും പൂർണ്ണമായി ഇല്ലാതാക്കി. ദിവസവും വർദ്ധിക്കുന്ന ഇന്ധനവിലയും ഇൻഷ്വറൻസ് ഉൾപ്പെടെയുള്ള വാഹനങ്ങളുടെ അനുബന്ധ ചെലവുകളും താങ്ങാവുന്നതിനും അപ്പുറത്തേക്ക് കാര്യങ്ങൾ എത്തിക്കുന്നു.

വരുമാനം നിലച്ചതോടെ പലരുടെയും വായ്പാ തിരിച്ചടവുകൾ മുടങ്ങി. പ്രതിസന്ധി നേരിടുന്ന ഓട്ടോ മേഖലയെ പിടിച്ച് നിർത്താൻ സർക്കാർ ഇടപെടലെന്ന ആവശ്യവും ഇവർ മുമ്പോട്ട് വെക്കുകയാണ്. അടിക്കടിയുള്ള ഇന്ധന വിലവർദ്ധനവിൽ ജീവിതം വഴിമുട്ടിനിൽക്കുന്ന അവസ്ഥയിലാണ് ഭൂരിഭാഗം ഓട്ടോ തൊഴിലാളികളും.