police

കാസർകോട്: പൊലീസിൽ പി.എസ്.സി വഴി നേരിട്ട് എസ്.ഐമാരായി ജോലിയിൽ പ്രവേശിച്ചവർക്ക് അർഹതപ്പെട്ട പ്രമോഷൻ യഥാസമയത്ത് നൽകുന്നില്ലെന്ന് ആക്ഷേപം. റാങ്ക് ലിസ്റ്റ് വഴി 2003ലാണ് മൂന്ന് ബാച്ചുകളിലായി 500 ഓളം എസ്.ഐമാരെ നേരിട്ട് നിയമിച്ചത്. 17 വർഷം കഴിഞ്ഞിട്ടും ഇവരിൽ മൂന്നിലൊന്ന് ഉദ്യോഗസ്ഥരും ഉദ്യോഗക്കയറ്റം കിട്ടാതെ അവഗണനയിലാണ്. ഇവരിൽ ഭൂരിഭാഗം ഉദ്യോഗസ്ഥരും സർവീസിൽ കയറുമ്പോൾ ഉണ്ടായിരുന്ന പൊലീസ് സ്റ്റേഷൻ എസ്.എച്ച് ഒ ചുമതലയിൽ തന്നെയാണ് ഇപ്പോഴും തുടരുന്നത്. അതിനിടയിൽ പി.എസ്.സി ലിസ്റ്റിലെ ആദ്യ റാങ്ക് നമ്പരിൽ ഉള്ളവരിൽ കുറച്ച് പേർക്ക് വളരെ പെട്ടെന്ന് സി.ഐ യും പിന്നിട് ഡിവൈ.എസ്.പിയുമായി പ്രമോഷൻ ലഭിക്കുകയും ചെയ്തു.

ഒരേ സമയം പരിശീലനം പൂർത്തിയാക്കിയവർ ഒരേ സമയം എസ്.ഐ ആയും സി.ഐ ആയും ഡിവൈ.എസ്.പി ആയും ജോലി ചെയ്യേണ്ടി വരുന്നത് ഭൂരിപക്ഷം പേരിലും നിരാശക്കിടയാക്കിയിട്ടുണ്ട്. ഇപ്പോൾ 17 വർഷം സർവീസ് പൂർത്തിയാക്കിയ സി.ഐ ആയി ജോലി ചെയ്യുന്ന എല്ലാവർക്കും ഡിവൈ.എസ്.പി റാങ്കിലുള്ള ഹയർ ഗ്രേഡ് ശമ്പളം ലഭിക്കുന്നുണ്ടെങ്കിലും അതിന് ആനുപാതികമായ പ്രൊമോഷൻ അനുവദിച്ചു കിട്ടാത്തതാണ് ഈ നിരാശയ്ക്ക് കാരണം. ഹയർ ഗ്രേഡ് ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥർ ആയതിനാൽ ഇവർക്ക് പ്രമോഷൻ നൽകുന്നത് വഴി സർക്കാരിന് യാതൊരു വിധ സാമ്പത്തിക ബാദ്ധ്യതയും ഉണ്ടാകില്ലെന്ന് ബോദ്ധ്യമായിട്ടും സേനയിൽ ഇരട്ടനീതിയാണ്. നേരത്തെ ഉണ്ടായിരുന്ന സർക്കിൾ ഓഫീസ് പുന:സ്ഥാപിച്ച് പ്രമോഷനാകുന്ന ഡിവൈ.എസ്.പിമാരെ അവിടെ നിയമിച്ച് രണ്ടോ മൂന്നോ സ്റ്റേഷനുകളുടെ സൂപ്പർവൈസറി ഓഫീസറായി നിയമിച്ചാൽ സ്റ്റേഷനുകളെ മികച്ച രീതിയിൽ മേൽനോട്ടം വഹിക്കാനും സേവനങ്ങൾ ലഭ്യമാക്കാനും സാധിക്കും.

നേരത്തെയുള്ള സബ് ഡിവിഷണൽ ഓഫീസുകളിൽ സീനിയർ ഡിവൈ.എസ്.പിമാരെ നിയമിച്ചാൽ ഇപ്പോഴുള്ള ഡിവൈ.എസ്.പിമാർക്കും അടുത്ത പ്രമോഷൻ ലഭിക്കും. അതേ സമയം പൊലീസിൽ ഒരു സിവിൽ പൊലീസ് ഓഫിസറായി നിയമിതരാകുന്ന ഉദ്യോഗസ്ഥർക്ക് സമയക്രമമനുസരിച്ച് സിനിയർ സിവിൽ പൊലീസ് ഓഫീസർ ഗ്രേഡ് എ.എസ്.ഐ; ഗ്രേഡ് എസ്.ഐ എന്നിങ്ങനെയുള്ള പ്രൊമോഷൻ കൃത്യമായി ലഭിക്കുന്നുണ്ട്. നേരിട്ട് നിയമിതരാകുന്ന എസ്.പി റാങ്കിലുള്ളവർക്കും സമയ ബന്ധിത പ്രൊമോഷൻ ലഭിച്ചു വരികയാണ്. എന്നാൽ എസ്.ഐമാരായി സർവീസിൽ കയറുന്ന ബഹുഭൂരിപക്ഷം ഉദ്യോഗസ്ഥരും ഒറ്റ പ്രമോഷൻ വാങ്ങി സർവിസിൽ നിന്ന് വിരമിക്കേണ്ട അവസ്ഥയാണുള്ളത്..! നേരിട്ട് നിയമിതരാകുന്ന എസ്.ഐ റാങ്കിലുള്ള ഉദ്യോഗസ്ഥർക്കും ഗ്രേഡിനു പുറമെ, 20 വർഷത്തിൽ മൂന്നാമത്തെ ഗ്രേഡും 25 വർഷത്തിൽ നാലാമത്തെ ഗ്രേഡും അനുവദിച്ച് പ്രൊമോഷൻ തരണമെന്നും ഗ്രേഡിന് അർഹരാകുന്ന മുറക്ക് റഗുലർ പ്രമോഷൻ അനുവദിക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു. കാലോചിതമായി മാറ്റങ്ങളും പരിഷ്ക്കാരങ്ങളും നടപ്പിലാക്കുന്ന പുതിയ സർക്കാരിൽ വലിയ പ്രതീക്ഷ അർപ്പിച്ചു കഴിയുകയാണ് എസ്.ഐമാർ.