underbridge
വെള്ളക്കെട്ട് മൂലം ഗതാഗതം മുടങ്ങിയ തലിച്ചാലം അടിപ്പാത

തൃക്കരിപ്പൂർ: തൃക്കരിപ്പൂർ പഞ്ചായത്തിലെ എളമ്പച്ചി -തലിച്ചാലം റെയിൽവെ അണ്ടർ പാസ്സേജിൽ വെള്ളം കയറി തുടർച്ചയായ നാലാംവർഷവും ഗതാഗതം നിലച്ചു . പ്രദേശവാസികളുടെ സഞ്ചാരം തടസപ്പെട്ടതിനെ തുടർന്ന് തൃക്കരിപ്പൂർ പഞ്ചായത്ത് പ്രസിഡന്റ് സത്താർ വടക്കുമ്പാട് വീണ്ടും കേരള നിയമസഭാ സെക്രട്ടറിക്ക് പരാതി നൽകിയിരിക്കുകയാണ്.

പഞ്ചായത്ത് നേരത്തെ നൽകിയ പരാതിയുടെ മറുപടിയായി വെള്ളം ഒഴുക്കിക്കളയേണ്ട ചുമതല പഞ്ചായത്തിനാണെന്ന് റെയിൽവേ വകുപ്പ് സംസ്ഥാന പൊതുമരാമത്ത് വകുപ്പിന് റിപ്പോർട്ട് നൽകിയിരുന്നു. റെയിൽവേ സർക്കാരിനെ തെറ്റിദ്ധരിപ്പിച്ചെന്ന് ആരോപിച്ചാണ് പഞ്ചായത്ത് പ്രസിഡന്റ് നിയമസഭ സെക്രട്ടറിയെ സമീപിച്ചിരിക്കുന്നത്. മൂന്നു വർഷങ്ങൾക്ക് മുമ്പാണ് 263 നമ്പർ എളമ്പച്ചി - തലിച്ചാലം റെയിൽവേ ലെവൽ ക്രോസ് അടച്ചു പൂട്ടി മൂന്നു കോടി രൂപ ചെലവിൽ അടിപ്പാത നിർമ്മിച്ചത്. സമനിരപ്പിൽ നിന്നും താഴ്ച്ചയിലൂടെയുള്ള അടിപ്പാത നിർമ്മാണം അശാസ്ത്രീയമാണെന്ന് ആരോപണമുയർന്നിരുന്നുവെങ്കിലും റെയിൽവേ ഉദ്യോഗസ്ഥർ അതൊക്കെ അവഗണിച്ച് നിർമ്മാണം പൂർത്തിയാക്കി.എന്നാൽ ഡ്രൈനേജ് സൗകര്യമില്ലാത്തതിനാൽ കാലവർഷത്തിൽ അടിപ്പാതയിൽ വെള്ളം നിറയുകയായിരുന്നു.ഇതോടെ ഇതുവഴിയുളള ഗതാഗതം നിലച്ചു. വെള്ളം അടിച്ചു കളയാൻ പമ്പ് സെറ്റ് സ്ഥാപിച്ചെങ്കിലും അതൊന്നും പ്രായോഗികമായില്ല. തുടർന്ന് നാട്ടുകാർ സംസ്ഥാന സർക്കാരിനും റെയിൽവേക്കും പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല.

നേരത്തെയുണ്ടായിരുന്ന ലെവൽ ക്രോസ് അടച്ചിട്ടാണ് അണ്ടർ പാസേജ് പണിതത്.എന്നാൽ ഇപ്പോൾ ലെവൽ ക്രോസിലൂടെയുള്ള കാൽനടയും മുടങ്ങി.

അശാസ്ത്രീയമായി അടിപ്പാത പണിത് കോടികൾ നഷ്ടമാക്കിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണം.കാലവർഷം ആരംഭിച്ചതിനാൽ അടിയന്തിര പരിഹാരമുണ്ടാക്കുന്നതിനായി റെയിൽവേയുടെ വിദഗ്ദ സംഘം ഗ്രാമ പഞ്ചായത്ത് അധികാരികളുടെ സാനിദ്ധ്യത്തിൽ സ്ഥലം സന്ദർശിക്കണം​

സത്താർ വടക്കുമ്പാട് പ്രസിഡൻ്റ്,തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത്