പരിയാരം: കൊവിഡ് ചികിത്സക്കായി കൂടുതൽ സൗകര്യം ഏർപ്പെടുത്തേണ്ടി വന്നതുമൂലം കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ കുറച്ചുനാളായി മുടങ്ങിപ്പോയ ബൈപ്പാസ് സർജറി അടുത്തയാഴ്ചയോടെ പുനഃരാരംഭിക്കുമെന്ന് മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചു. കഴിഞ്ഞവർഷം മുതൽ തന്നെ ബൈപ്പാസ് സർജറിക്ക് കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. രോഗവ്യാപനം കുറഞ്ഞതോടെ വീണ്ടും പഴയതുപോലെ ചികിത്സ തുടരുന്നതിനിടെയാണ് കൊവിഡ് രണ്ടാം വ്യാപനം ഉണ്ടായത്. ഈ സമയത്ത് ആശുപത്രിയിൽ ഒരു കാർഡിയാക് തൊറാസിക് സർജ്ജനും, ഒരു അനസ്തേഷ്യനിസ്റ്റും മാത്രമാണ് ഉണ്ടായിരുന്നത്. സങ്കീർണ്ണമായ ചികിത്സയായതിനാൽ ഡോക്ടർമാരുടെ സാന്നിധ്യം അത്യാവശ്യമായിരുന്നു. പിന്നീടാണ് രണ്ട് ഡോക്ടർമാരെ നിയമിച്ചത്. കൊവിഡ് ചികിത്സക്കായി നിരവധി വാർഡുകൾ ഒരുക്കേണ്ടി വന്നതിനാൽ ബൈപ്പാസ് സർജറി കഴിഞ്ഞു രോഗികളെ പ്രവേശിപ്പിക്കേണ്ട ഐ.ടി.യു കൊവിഡ് ഇതര രോഗികൾക്കുള്ള ചികിത്സക്കായി മാറ്റിവച്ചു. ഈ അവസരത്തിലാണ് ബൈപ്പാസ് സർജറി മുടങ്ങിയതെന്നും മെഡിക്കൽ സൂപ്രണ്ട് ഡോ. കെ സുദീപ് പറഞ്ഞു.