കൂത്തുപറമ്പ്: കൂടാളിയിൽ എക്‌സൈസ് സംഘം നടത്തിയ വാഹന പരിശോധനയിൽ 279 ലിറ്റർ കർണാടക മദ്യം പിടികൂടി. രണ്ട് പേരെ എക്‌സൈസ് അറസ്റ്റ് ചെയ്തു. മിനിലോറിയും, കാറും എക്‌സൈസ് കസ്റ്റഡിയിലെടുത്തു. മിനിലോറിയിലും കാറിലും കടത്തുകയായിരുന്ന 279 ലിറ്റർ കർണാടക മദ്യമാണ് എക്‌സൈസ് പിടികൂടിയത്. എക്‌സൈസ് കമ്മീഷണർ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ പി.കെ സതീഷ് കുമാറിന്റെ നേതൃത്വത്തിൽ കൂടാളി യു.പി സ്‌കൂളിന് സമീപം നടത്തിയ പരിശോധനയിലാണ് വൻ മദ്യശേഖരം പിടികൂടിയത്.

സംഭവത്തിൽ രണ്ടു പേരെ എക്‌സൈസ് അറസ്റ്റ് ചെയ്തു. കർണാടകത്തിലെ മൈസൂർ ബസവേശ്വര നഗറിലെ മുഹമ്മദ് അശ്രഫ് (55), മട്ടന്നൂർ കോളാരി കല്ലൂരിലെ അനീസ മൻസിൽ സി.പി അസ്‌കർ (30) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മദ്യക്കടത്തു സംഘത്തിലെ പ്രധാനിയായ പ്രജീഷ് സംഭവസ്ഥലത്തു നിന്നും ഓടി രക്ഷപ്പെട്ടു. ഇയാൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം എക്‌സൈസ് കേസെടുത്തിട്ടുണ്ട്. എക്‌സൈസ് കമ്മിഷണറുടെ ഉത്തരമേഖല സ്വകാഡിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പ്രിവന്റീവ് ഓഫീസർ വി. സുധീർ, കമ്മീഷണർ സ്‌ക്വാഡ് അംഗം പി. ജലീഷ്, ഡെപ്യൂട്ടി കമ്മീഷണർ ഷാഡോ സ്‌ക്വാഡ് അംഗം കെ. ബിനീഷ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ പി.ടി സജിത്ത്, കെ. നിവിൻ, എൻ. ഷാംജിത്ത് എന്നിവരടങ്ങിയ സംഘമാണ് അതിസാഹസീകമായി പ്രതികളെ പിടികൂടിയത്.