കാസർകോട്: കാറിൽ കടത്തിയ 242 ലിറ്റർ മദ്യവും ബിയറും സിനിമാ സ്റ്റൈലിൽ പിന്തുടർന്ന് എക്‌സെസ് സ്‌ക്വാഡ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിലായി. കുമ്പള പൊലീസ് സ്റ്റേഷൻ പരിധിയിലെ ജി പുനീത്കുമാർ (21) ആണ് പിടിയിലായത്. കാസർകോട് എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് സി.ഐ പി.പി ജനാർദ്ദനനും സംഘവുമാണ് കുമ്പള കോയിപ്പാടി കൃഷ്ണ നഗറിൽ വെച്ച് മദ്യം പിടികൂടിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വാഹന പരിശോധന നടത്തി വരുന്നതിനിടെ കെ.എൽ 60 എച്ച് 2350 നമ്പർ മാരുതി സ്വിഫ്റ്റ് കാറിനെയാണ് പിടികൂടിയത്. 242.64 ലിറ്റർ കർണാടക മദ്യവും 48 ലിറ്റർ കർണാടക ബിയറും കണ്ടെടുത്തു. എക്‌സൈസ് സംഘത്തിൽ പ്രിവന്റീവ് ഓഫീസർ എം.വി സുധീന്ദ്രൻ, സിവിൽ എക്‌സൈസ് ഓഫീസർമാരായ രാമ കെ, മോഹന കുമാർ, പി ശൈലേഷ് കുമാർ, ഡ്രൈവർ പി.വി ദിജിത് എന്നിവരും ഉണ്ടായിരുന്നു.