poorakadav
പൊതാവൂർ പൂരക്കടവ്

ചീമേനി: അപകടകരമായ രീതിയിൽ ഇപ്പോഴും തേജസ്വിനി പുഴയെ മുറിച്ച് തോണിയിൽ മറുകര കടക്കുന്നവരാണ് പൊതാവൂരുകാർ. പത്തുകിലോമീറ്റർ ദൂരത്ത് രണ്ട് പാലങ്ങൾ വന്നപ്പോഴും പരിഗണിക്കപ്പെട്ടിട്ടില്ല. സ്വാതന്ത്രലബ്ധിയ്ക്കും മുമ്പെ സ്ഥാപിക്കപ്പെട്ട പൊതാവൂർ സ്കൂളിലേക്ക് മറുകരയിൽ നിന്നുള്ള കുട്ടികൾ ഇന്നുമെത്തുന്നത് തോണിയിൽ കയറിയാണ്.

1956ൽ കുട്ടികളും അദ്ധ്യാപകരും കയറിയ തോണി അപകടത്തിൽ പെട്ട അനുഭവം ഇന്നും ഓർക്കുന്നവർ ഇവിടെയുണ്ട്.കുട്ടികളെ മറുകര കടത്താൻ കൂടെ പോയ ഒരു അദ്ധ്യാപകൻ അന്ന് പുഴയിൽ മറഞ്ഞു. അന്നാണ് ഒരു പാലം നിർമ്മിച്ചുതരണമെന്ന ആവശ്യം നാട്ടുകാർ മുന്നോട്ടുവച്ചത്. പല കാലങ്ങളായി അധികാരത്തിലെത്തിയ മന്ത്രിമാരെയും എൽ.എൽ.എ മാരെയും സമീപിച്ചെങ്കിലും പരിഹാരമുണ്ടായില്ല. സർക്കാരിന്റെ നിർദേശ പ്രകാരം പൊതുമരാമത്ത് വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് നൽകിയതൊഴിച്ചാൽ കാര്യമായ പുരോഗതിയൊന്നുമുണ്ടായിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു.
പൂരക്കടവ് റോഡിൽ നിന്ന് 10 കിലോമീറ്റർ അകലെ അരയാക്കടവിലും മുക്കടയിലും പിന്നീട് പാലം വന്നു. ഇതോടെ പൂരക്കടവിൽ പാലം എന്ന ആവശ്യം അധികാരികളും മറന്നു. ഇവിടെ പുഴയ്ക്ക് വീതി കുറവായതിനാൽ ചെറിയ ഏസ്റ്റിമേറ്റിൽ പാലം നിർമ്മിക്കുവാൻ കഴിയുമെന്ന സൗകര്യവുമുണ്ട്. പുഴക്ക് അക്കരെ കിനാനൂർ കരിന്തളം പഞ്ചായത്തിലെ വേളൂർ, പാറക്കോൽ, ഓമച്ചേരി, അണ്ടോൾ പ്രദേശങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളിൽ ഭൂരിഭാഗം പേരും പ്രാഥമീക വിദ്യാഭ്യാസം നേടാൻ എത്തിയിരുന്നത് പൊതാവൂരിലായിരുന്നു. പാലം യാഥാർഥ്യമായാൽ മടിക്കൈ, കിനാനൂർ കരിന്തളം പഞ്ചായത്തിലുള്ളവർക്ക് പരിയാരം മെഡിക്കൽ കോളജ്, ചീമേനി എഞ്ചീനീയറിംഗ് കോളജ് തുടങ്ങിയ സ്ഥാപനങ്ങളിലേക്ക് പോകാനുള്ള എളുപ്പവഴിയാകും. ഇതിന് പുറമേ മലയോര ജനതയ്ക്ക് ചീമേനി, ചെറുവത്തൂർ, പയ്യന്നൂർ എന്നിവിടങ്ങളിലേക്ക് ഏളുപ്പത്തിൽ എത്താനും ഉപകരിക്കും.

പൂരക്കടവ് ഉണ്ണിത്താൻ സന്ദർശിച്ചു

പൊതാവൂർ പൂരക്കടവിൽ പാലം വേണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്ന പ്രദേശം കാസർകോട് എം പി രാജ്‌മോഹൻ ഉണ്ണിത്താൻ എത്തി സന്ദർശിച്ചു അഭിപ്രായം ആരാഞ്ഞു. കരിമ്പിൽ കൃഷ്ണൻ ഉൾപ്പെടെയുള്ളവർ അദ്ദേഹത്തിന്റെ ഒപ്പം ഉണ്ടായിരുന്നു. പാലത്തിന് വേണ്ടി പരിശ്രമിക്കാമെന്ന് അദ്ദേഹം നാട്ടുകാർക്ക് ഉറപ്പ് നൽകിയാണ് മടങ്ങിയത്.

പാലത്തിന് വേണ്ടി നാട്ടുകാരുടെ കാത്തിരിപ്പിന് ഏറെ പഴക്കമുണ്ട്. സ്‌കൂളിലേക്ക് അക്കരെ നിന്ന് 35 ഓളം കുട്ടികൾ എത്തിയിരുന്നതാണ്. തോണിയിൽ പുഴ മുറിച്ചു കടക്കേണ്ടുന്ന റിസ്‌ക്ക് ഭയന്ന് അവരെല്ലാം അക്കരെയുള്ള മറ്റു സ്‌കൂളിൽ പോവുകയാണ്. പാലം വന്നാൽ സ്‌കൂളിനും ഏറെ നേട്ടമുണ്ടാകും.

അനിൽകുമാർ,(പ്രധാനദ്ധ്യായാപകൻ പൊതാവൂർ എ യു പി സ്‌കൂൾ )