നീലേശ്വരം: കിനാനൂർ കരിന്തളം പഞ്ചായത്തിലെ കരിന്തളം ഗവൺമെന്റ് ആർട്സ് ആൻഡ് സയൻസ് കോളേജ് കെട്ടിടത്തിന് ഭരണാനുമതി ലഭിച്ചു. കിഫ്ബിയിൽ ഉൾപ്പെടുത്തി 12 കോടി രൂപയാണ് കെട്ടിട നിർമ്മാണത്തിനായി അനുവദിച്ചത്. ഇതിന്റെ വിശദമായ പദ്ധതിരേഖയും മാസ്റ്റർ പ്ലാനും പരിശോധിച്ച് മാത്രമെ എത്ര കോടി രൂപ വകയിരുത്തണമെന്ന് കണക്കാക്കാൻ കഴിയുകയുള്ളുവെന്ന് ഇ. ചന്ദ്രശേഖരൻ എം.എൽ.എ.പറഞ്ഞു.

കൊല്ലമ്പാറ മഞ്ഞളംകാട് അനുവദിച്ച 5 ഏക്കർ സ്ഥലത്താണ് കോളേജിനായി കെട്ടിടം പണിയുക. കഴിഞ്ഞ പിണറായി സർക്കാർ അനുവദിച്ച മൂന്ന് സർക്കാർ കോളേജുകളിൽ ഒന്നാണ് കരിന്തളത്തേത്. കരിന്തളത്തെ പാലിയേറ്റിവ് കെയർ കെട്ടിടത്തിലാണ് നിലവിൽ കോളേജ് പ്രവർത്തിക്കുന്നത്. കഴിഞ്ഞ പിണറായി സർക്കാർ കെട്ടിടത്തിനായി 5 കോടി അനുവദിച്ചിരുന്നു. അക്കാഡമി ബ്ലോക്ക് കെട്ടിടമുൾപ്പെടെ നാലു നില കെട്ടിടത്തിൽ 26 ക്ലാസ് മുറികൾക്കു വേണ്ടിയാണ് കെട്ടിടം പണിയുന്നത്. കൂടാതെ 50 ലക്ഷം രൂപ ചുറ്റുമതിലിനും അനുവദിച്ചിട്ടുണ്ട്. നിലവിൽ കോളേജിൽ ബി.എ. ഇക്കണോമിക്സ്, ഇംഗ്ലീഷ്, ബി.കോം, ഹ്യുമാനിറ്റീസ്, ബി.എസ്‌സി ബോട്ടണി കോഴ്സുകളാണുള്ളത്. പുതിയ കെട്ടിടം പണി പൂർത്തിയാകുന്നതോടെ കൂടുതൽ കോഴ്സുകളും അനുവദിക്കാൻ സാദ്ധ്യതയുണ്ട്.