മടിക്കൈ (കാസർകോട്): കാസർകോടിന്റെ വ്യാവസായിക രംഗത്ത് വൻ കുതിപ്പിന് ഒരുങ്ങി മടിക്കൈ. മടിക്കെ, പുതുക്കൈ വില്ലേജുകളിൽ വ്യാപിച്ചുകിടക്കുന്ന 99 ഏക്കറോളം വരുന്ന റവന്യൂ ഭൂമിയിലാണ് വ്യവസായ വകുപ്പിന്റെ നേതൃത്വത്തിൽ വികസന പദ്ധതി നടപ്പിലാക്കാൻ തയാറെടുപ്പുകൾ നടക്കുന്നത്.
മടിക്കൈയിലെ 94 ഏക്കറും കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിയിൽ വരുന്ന പുതുക്കൈ വില്ലേജിലെ നാലര ഏക്കറും വരുന്ന ഭൂമി വ്യവസായ പാർക്ക് സ്ഥാപിക്കുന്നതിനായി ജില്ലാ വ്യവസായ കേന്ദ്രത്തിന് കൈമാറി. മടിക്കൈയിലെ വ്യവസായ പാർക്ക് സ്ഥാപിക്കാൻ ഉദ്ദേശിക്കുന്ന സ്ഥലം ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ സജിത് കുമാർ ഇന്നലെ സന്ദർശിച്ചു. വ്യാവസായിക വകുപ്പിന്റെ നേതൃത്വത്തിൽ ഭൂമിക്ക് മതിൽ കെട്ടുന്ന പ്രവർത്തനം ഊർജിതമാക്കി. വ്യാവസായിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ചെറുകിട വ്യവസായികളുടെ യോഗം ഉടൻ വിളിച്ചു ചേർക്കും. പാർക്ക് സ്ഥാപിച്ചുകിട്ടാൻ സർക്കാർ തലത്തിൽ ശക്തമായി ഇടപെടൽ നടത്തുമെന്ന് സ്ഥലം സന്ദർശിച്ച ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ സജിത് കുമാർ പറഞ്ഞു. മടിക്കൈ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എസ്.പ്രീത, വെസ് പ്രസിഡന്റ് വി. പ്രകാശൻ, സി. പ്രഭാകരൻ, പി. ശശീന്ദ്രൻ, ബി. ബാലൻ, വാർഡ് മെമ്പർ രമ പത്മനാഭൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.
ബൈറ്റ്
നാട്ടിലും പുറത്തുമുള്ള വ്യവസായ സംരംഭകരെ ആകർഷിച്ചാണ് മടിക്കൈ വ്യവസായ പാർക്ക് സ്ഥാപിക്കുന്നത്. മടിക്കൈ നാടിനാകെ വലിയ മുന്നേറ്റം ഉണ്ടാക്കാൻ ഈ പദ്ധതിയിലൂടെ കഴിയും.
എസ് പ്രീത, പ്രസിഡന്റ്, മടിക്കൈ ഗ്രാമ പഞ്ചായത്ത്