ആലക്കോട് : മലയോരമേഖലയിലെ ഏറ്റവും പഴക്കംചെന്നതും അപകടാവസ്ഥയിലുള്ളതുമായ ആലക്കോട്, കരുവൻചാൽ പാലങ്ങൾക്ക് പകരം പുതിയ പാലങ്ങൾ നിർമ്മിക്കുന്നതിനുള്ള നടപടികൾക്ക് ഒച്ചിഴയും വേഗം.
ഇതിൽ ആലക്കോട് പാലത്തിന്റെ നിർമ്മാണോദ്ഘാടനം നാലുമാസങ്ങൾക്കു മുമ്പ് നടക്കുകയും കരാറുകാർ പ്രാരംഭപ്രവർത്തനങ്ങൾ തുടങ്ങിവയ്ക്കുകയുമുണ്ടായെങ്കിലും മഴ പെയ്യാൻ തുടങ്ങിയതോടെ പണി നിറുത്തിവെച്ച് നിർമ്മാണ സാമഗ്രികളുമായി അവർ പോകുകയായിരുന്നു. കഴിഞ്ഞ ഒരു മാസമായി ഇവിടെ യാതൊരുവിധ പ്രവർത്തനങ്ങളും നടക്കുന്നില്ല. കൂടാതെ പാലത്തിന്റെ അപ്രോച്ച് റോഡിനുള്ള സ്ഥലമെടുപ്പ് പൂർത്തിയാക്കി പൊതുമരാമത്ത് വകുപ്പിന് കൈമാറുവാൻ ആലക്കോട് ഗ്രാമപഞ്ചായത്ത് അധികൃതർ അലംഭാവം കാട്ടുന്നതായും ആരോപണമുണ്ട്.
3.6 കോടി രൂപയാണ് പാലം നിർമ്മാണത്തിനായി ഫണ്ട് വകയിരുത്തിയിട്ടുള്ളത്. ഇനി ആറുമാസമെങ്കിലും കഴിയാതെ പാലം നിർമ്മാണം തുടങ്ങാൻ കഴിയില്ലെന്നിരിക്കെ ചുരുങ്ങിയത് ഒരു വർഷമെങ്കിലും കഴിയാതെ പുതിയ പാലം യാഥാർഥ്യമാവുകയില്ലെന്നുറപ്പാണ്.
കരുവൻചാൽ പാലത്തിന്റെ പുനർനിർമ്മാണത്തിനായി 6 കോടിരൂപയുടെ എസ്റ്റിമേറ്റ് കണക്കാക്കി 1.2 കോടി രൂപ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ബഡ്ജറ്റിൽ വകയിരുത്തിയിരുന്നു. എന്നാൽ പിന്നീട് തുടർനടപടികളുണ്ടായില്ല. നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണസമയത്ത് ഇരുമുന്നണികളും പാലം നിർമ്മാണം വൈകുന്നതുമായി ബന്ധപ്പെട്ട് ആരോപണ പ്രത്യാരോപണങ്ങളുമായി രംഗത്തുവന്നിരുന്നു. കഴിഞ്ഞ ദിവസം നിയമസഭയിൽ സബ്മിഷനിലൂടെ അഡ്വ. സജീവ് ജോസഫ് എം.എൽ.എ കരുവൻചാൽ പാലത്തിന്റെ നിർമ്മാണം വൈകുന്നതു മൂലമുള്ള ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടുകയുണ്ടായി. ഇതിന് മറുപടി പറഞ്ഞ പൊതുമരാമത്ത് വകുപ്പ് മന്ത്രി കരുവൻചാൽ പാലത്തിന്റെ എസ്റ്റിമേറ്റ് തുക കണക്കാക്കിയശേഷം ടെണ്ടർ നടപടികൾ ആരംഭിക്കുമെന്ന മറുപടിയാണ് നൽകിയത്. നടപടിക്രമങ്ങൾ വൈകുംതോറും ഇതുവഴിയുള്ള വാഹനയാത്രക്കാരുടെ ദുരിതവും നീളുകയാണ്.
തളിപ്പറമ്പ് കൂർഗ് ബോർഡർ റോഡും മലയോര ഹൈവേയും കടന്നുപോകുന്ന റൂട്ടിലുള്ള ഈ പാലങ്ങളുടെ പുനർനിർമ്മാണം പൂർത്തിയാകുന്നതും കാത്തിരിക്കുകയാണ് മലയോരജനത.
നിലവിലുള്ളത് 1957ൽ
നിർമ്മിച്ച പാലം
1957 ലെ ഇ.എം.എസ് മന്ത്രിസഭയുടെ കാലത്ത് നിർമ്മിച്ച ആലക്കോട്, കരുവൻചാൽ പാലങ്ങളുടെ ഇപ്പോഴത്തെ അവസ്ഥ വളരെ ദയനീയമാണ്. വീതി കുറഞ്ഞതും തകർച്ചാഭീഷണി നേരിടുന്നതുമായ ഈ പാലങ്ങളിലൂടെ ആയിരക്കണക്കിന് വാഹനങ്ങളാണ് ദിവസേന കടന്നു പോകുന്നത്. ഒരേസമയം ഇരുവശങ്ങളിൽ കൂടിയും വാഹനങ്ങൾക്ക് കടന്നുപോകുവാനുള്ള വീതി ഈ പാലങ്ങൾക്കില്ലാത്തതിനാൽ ഗതാഗതക്കുരുക്കിൽപ്പെടാതെ ഇവിടം കടന്നു പോകാനാവില്ല.
പടം....ആലക്കോട് പാലം നിർമ്മാണം നിർത്തിവച്ച നിലയിൽ