നീലേശ്വരം: കുമ്പളപ്പള്ളി ചാലിന് കുറുകെ പണിയുന്ന പാലത്തിന്റെ പണി മന്ദഗതിയിൽ. കഴിഞ്ഞ മാർച്ച് മാസത്തിലാണ് കുമ്പളപള്ളി ചാലിന് കുറുകെ പണിയുന്ന പാലത്തിന്റെ നിർമ്മാണ ഉദ്ഘാടനം നടന്നത്. 4 കോടി 99 ലക്ഷം രൂപ ചെലവിൽ അന്നത്തെ റവന്യുമന്ത്രി ഇ.ചന്ദ്രശേഖരന്റെ എം.എൽ.എ.ഫണ്ടിൽ നിന്നാണ് തുക അനുവദിച്ചത്.
എന്നാൽ പാലം പണി തുടങ്ങിയെങ്കിലും പണി ഇപ്പോൾ ഒച്ചിന്റെ വേഗതയിലാണ് നടന്നു പോകുന്നത്. പാലം പണി തുടങ്ങിയതോടെ നിലവിലുണ്ടായിരുന്ന നടപ്പാലം പൊളിച്ച് നീക്കുകയും ചെയ്തിരുന്നു. നടപ്പാലം പൊളിച്ചതോടെ കുമ്പളപ്പളളിയിൽ നിന്ന് ഉമിച്ചി ഭാഗത്തേക്ക് പോകേണ്ടവർ വെട്ടിലായിരിക്കയാണ്. മഴക്കാലം വരുന്നതോടെ ചാൽ കരകവിഞ്ഞൊഴുകുകയും ഇരുഭാഗത്തുമുള്ളവർ ഒറ്റപ്പെടുകയും ചെയ്യും. പ്രത്യേകിച്ച് കുമ്പളപ്പള്ളി ഹൈസ്കൂൾ, എസ്.കെ.ജി എം.എ.യു.പി.സ്കൂൾ എന്നിവിടങ്ങളിലേക്ക് എത്താനാവില്ല. ഇവർക്ക് പിന്നെ വരയിൽ വഴി ചുറ്റി വേണം ഇവിടെങ്ങളിലേക്ക് എത്തിപ്പെടാൻ.
75 മീറ്റർ നീളത്തിലും 11 മീറ്റർ വീതിയിലുമാണ് കുമ്പളപ്പള്ളിയിൽ പാലം പണിയുന്നത്. പാലം യാഥാർത്ഥ്യമായാൽ നെല്ലിയടുക്കം കാട്ടിപ്പൊയിലിലേക്ക് 5 കിലോമീറ്റർ ദൂരം കുറഞ്ഞ് കിട്ടുകയും ചെയ്യും. നെല്ലിയടക്കം ഭാഗത്തുള്ളവർക്ക് കൊല്ലമ്പാറ ചുറ്റാതെ എളുപ്പത്തിൽ കരിന്തളം പഞ്ചായത്ത് ഓഫീസ്, പ്രൈമറി ഹെൽത്ത് സെന്റർ എന്നിവിടങ്ങളിലേക്ക് എത്തിപ്പെടാനും സാധിക്കും. താലൂക്ക് ആസ്ഥാനമായ വെള്ളരിക്കുണ്ടിലേക്കും പരപ്പ വഴി എത്താൻ സാധിക്കും. കുമ്പളപ്പള്ളി ഭാഗത്തുള്ളവർക്ക് കാട്ടിപ്പൊയിൽ ആയുർവേദ ഡിസ്പെൻസറിയിലേക്ക് എളുപ്പത്തിൽ എത്തിപ്പെടാനും കഴിയും.