കാസർകോട്: മെച്ചപ്പെട്ട വേതനം നൽകാത്ത സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകളുടെ നിരുത്തരവാദ സമീപനത്തിനെതിരെ ജീവനക്കാർ പ്രതിഷേധത്തിനൊരുങ്ങുന്നു. ഒമ്പതും പത്തും മണിക്കൂർ ജോലിചെയ്‌തിട്ടും കേവലം 7000 രൂപ മാത്രം വേതനം ലഭിക്കുന്ന നഴ്‌സുമാർ ഉൾപ്പെടെ നൂറുകണക്കിന് ജീവനക്കാരാണ് ജില്ലയിലുള്ളത്.
രണ്ടും മൂന്നും വർഷമായി ജോലിചെയ്യുന്ന ജീവനക്കാരെപ്പോലും സ്ഥിരപ്പെടുത്താൻ തയ്യാറാകുന്നില്ല. കൊവിഡിന്റെ മറവിൽ ജീവനക്കാരെ ചൂഷണം ചെയ്യുകയാണിവർ. അവധിയെടുക്കാൻപോലും അനുവദിക്കാതെ തുടർച്ചയായി ജോലിയെടുക്കുന്ന ജീവനക്കാർക്ക് വർഷത്തിൽ ആശ്വാസമായി ലഭിക്കുന്ന ബോണസ് നൽകാതെയും പി.എഫ്, ഇ.എസ്.ഐ, ക്ഷേമനിധി ആനുകൂല്യങ്ങൾ തുടങ്ങിയവയും നിഷേധിക്കുകയാണെന്നും ഇവർ ആരോപിക്കുന്നു.
ലേബർ ഓഫീസിൽ നടത്തുന്ന ചർച്ചകളിലൂടെ പരിഹരിക്കുന്ന ബോണസ് പ്രശ്‌നങ്ങളും ചില മാനേജ്‌മെന്റുകൾ അവഗണിക്കുന്നു. സർവീസിൽനിന്നും പിരിഞ്ഞുപോകുന്ന ജീവനക്കാർക്ക് അർഹമായ ആനുകൂല്യങ്ങളും നൽകാറില്ല. ജോലി നഷ്ടപ്പെടുമെന്ന ഭീതി കാരണമാണ് ഇവരിൽ പലരും പ്രതികരിക്കാൻ തയ്യാറാകാത്തത്. മുഴുവൻ ജീവനക്കാർക്കും അർഹമായ ആനുകൂല്യങ്ങളും ശമ്പളവും നൽകാൻ തയ്യാറാകാത്ത ആശുപത്രികൾക്ക് മുന്നിൽ ശക്തമായ സമരം സംഘടിപ്പിക്കുമെന്ന് പ്രൈവറ്റ് ഹോസ്‌പിറ്റൽ ആൻഡ് ഫാർമസി എംപ്ലോയീസ് അസോസിയേഷൻ (സി.ഐ.ടി.യു) ജില്ലാകമ്മിറ്റി മുന്നറിയിപ്പ് നൽകി.