തളിപ്പറമ്പ്: കരിമ്പം പോസ്റ്റ് ഓഫീസിൽ ഷട്ടർ തകർത്ത് കവർച്ച നടത്താൻ ശ്രമിച്ച പ്രതി പിടിയിൽ. കോഴിക്കോട് കുറുവങ്ങാട് സ്വദേശി സഞ്ജയൻ എന്ന സഞ്ജയ് (37) നെയാണ് തളിപ്പറമ്പ് എസ്.എച്ച്.ഒ വി.ജയകുമാർ അറസ്റ്റ് ചെയ്തത്. 2005 ൽ ചേവായൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ ഒരു മോഷണക്കേസിൽ പ്രതിയായ ഇയാൾ ഇക്കഴിഞ്ഞ ജൂൺ 2ന് തളിപ്പറമ്പ് സ്റ്റേഷൻ പരിധിയിലെ കരിമ്പം പോസ്റ്റ് ഓഫീസിൽ കവർച്ച നടത്താൻ ശ്രമിച്ചതിനാണ് പിടിയിലായത്.

ഷട്ടറിന്റെ പൂട്ട് തകർത്ത് അകത്ത് കടന്ന സഞ്ജയ്ക്ക് ഷെൽഫ് തകർക്കാൻ കഴിയാത്തതുകൊണ്ടാണ് ക്യാഷ്ചെസ്റ്റിൽ ഉണ്ടായിരുന്ന 20 ലക്ഷം രൂപ നഷ്ടപ്പെടാതിരുന്നത്. കഴിഞ്ഞ 10 മാസത്തോളമായി ഇയാൾ തളിപ്പറമ്പിൽ താമസിച്ചുവരികയാണ്. വിരലടയാളം പരിശോധിച്ചാണ് മോഷ്ടാവിനെ കണ്ടെത്തിയത്. കണ്ണൂരിലെ ഒരു സ്വകാര്യ ലോഡ്ജിൽ ഒളിവിൽ കഴിയവെയാണ് സൈബർ സെല്ലിന്റെ സഹായത്തോടെ പൊലീസ് ഇയാളെ പിടികൂടിയത്. മറ്റേതെങ്കിലും മോഷണകേസുകളിൽ ഇയാൾ പ്രതിയാണോ എന്നും പരിശോധിക്കുന്നുണ്ട്.