പി.ജി. വിദ്യാർത്ഥിനിയുടെ ലാപ്ടോപ്പ് മോഷ്ടിച്ചു
തളിപ്പറമ്പ: പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജിൽ വീണ്ടും മോഷണം. സൈക്യാട്രിക് പി.ജി. വിദ്യാർത്ഥിനി ഡോ.അശ്വതിയുടെ 40,000 രൂപ വിലവരുന്ന ലാപ്‌ടോപ്പാണ് മോഷ്ടിക്കപ്പെട്ടത്. മേയ് 30 നായിരുന്നു സംഭവം നടന്നത്. വിവരം അന്നുതന്നെ മെഡിക്കൽ കോളജ് പ്രിൻസിപ്പാളിനെ രേഖാമൂലം അറിയിച്ചിരുന്നെങ്കിലും ഞായറാഴ്ചയാണ് പരിയാരം പൊ ലീസിൽ പരാതി നൽകിയത്. പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.
എട്ടാംനിലയിലെ 802ാം നമ്പർ ബ്ലോക്കിലെ മുറിയിലാണ് പി.ജി.വിദ്യാർത്ഥികളുടെ ഹോസ്റ്റൽ പ്രവർത്തിക്കുന്നത്. മോഷണത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. പുറത്തുനിന്നെത്തിയ ഒരാൾ മുറിയിൽകയറി ലാപ്‌ടോപ്പുമായി പോകുന്നതാണ് ദൃശ്യത്തിലുള്ളത്. ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല.
അതേസമയം ജൂൺ 7 ന് കാണാതായ ഓപ്പറേഷൻ തിയേറ്ററിലെ ലാവിഞ്ചോ സ്‌കോപ്പി എന്ന 7 ലക്ഷം രൂപ വിലമതിക്കുന്ന ഉപകരണം മോഷ്ടിക്കപ്പെട്ടതിന്റെ വിവരങ്ങളൊന്നും പൊലീസിന് ലഭിച്ചിട്ടില്ല. ഓപ്പറേഷൻ തിയേറ്ററിൽ ഡ്യൂട്ടിചെയ്യുന്നവരെ മുഴുവൻ ചോദ്യംചെയ്താൽ മാത്രമേ സംഭവത്തിന്റെ സത്യം പുറത്തു വരികയുള്ളൂ. വരാന്തയിൽ അലക്ഷ്യമായി തള്ളിയ മെഡിക്കൽ ഉപകരണങ്ങളും മരുന്നുകളും മോഷണം പോകുന്നതായും പരാതികൾ ഉയർന്നിട്ടുണ്ട്. മെഡിക്കൽ കോളേജിലെ കെടുകാര്യസ്ഥതകളേക്കുറിച്ച് ഇന്റലിജൻസ് എ.ഡി.ജി.പി അന്വേഷണമാരംഭിച്ചിട്ടുണ്ട്.