ഇനി ഏറ്റെടുക്കണം 3000 ഏക്കർ
കണ്ണൂർ: ദേശീയപാത വികസനത്തിനായി കണ്ണൂർ ജില്ലയിലെ സ്ഥലമേറ്റെടുക്കൽ പ്രവൃത്തി 30ന് മുമ്പ് പൂർത്തിയാക്കാൻ ജില്ലാകളക്ടരുടെ നിർദ്ദേശം. ഇതിനായി ദേശീയപാത, ഭൂമി ഏറ്റെടുക്കൽ ഓഫീസുകളിൽ മുഴുവൻ ജീവനക്കാരും ഹാജരാകാനും ഉത്തരവുണ്ട്. റവന്യൂ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയിൽ 10ന് ചേർന്ന ദേശീയപാത വികസന അവലോകന യോഗത്തിലെ തീരുമാനമനുസരിച്ചാണ് ഉത്തരവ്.
ഏറ്റെടുക്കുന്ന ഭൂമിയുടെ വിസ്തീർണം, നൽകുന്ന നഷ്ടപരിഹാരത്തിന്റെ കണക്ക് എന്നിവ ദിവസവും വൈകിട്ട് അഞ്ചിന് മുമ്പായി കളക്ടറെ അറിയിക്കണം. ഫണ്ട് ലഭിച്ച കേസുകളിൽ 30 നകം ഭൂമി ഏറ്റെടുക്കലിന്റെ ആക്‌ഷൻ പ്ലാൻ സമർപ്പിക്കണം. തളിപ്പറമ്പ്, കണ്ണൂർ, തലശേരി എന്നിവിടങ്ങളിലാണ് ഭൂമി ഏറ്റെടുക്കൽ ഓഫീസുകൾ പ്രവർത്തിക്കുന്നത്. തർക്ക പ്രദേശങ്ങളുള്ളതിനാൽ തളിപ്പറമ്പിലും കണ്ണൂരിലുമാണ് സ്ഥലമേറ്റെടുപ്പ് ബാക്കിയുള്ളത്.
തലശേരി- മാഹി ബൈപാസ് അടുത്ത വർഷത്തോടെ
തലശേരി- മാഹി ബൈപാസ് അടുത്ത വർഷത്തോടെ യാഥാർത്ഥ്യമാകും. കോഴിക്കോട് ആറുവരി ബൈപാസ് നിർമ്മാണം ഈ മാസം അവസാനത്തോടെ തുടങ്ങും. കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, തൃശൂർ, എറണാകുളം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം എന്നീ ജില്ലകളിലെ വിവിധ ഭാഗങ്ങളിലായിട്ടാണ് ദേശീയപാത വികസനത്തിനായി സ്ഥലം ഏറ്റെടുക്കുന്നത്. കണ്ണൂർ, കാസർകോട് ജില്ലകളിൽ ഭൂമി ഏറ്റെടുക്കലിന്റെ 90 ശതമാനവും പൂർത്തിയായി.
നടപടികൾ അതിവേഗം
കാസർകോട് ജില്ലയിലെ തലപ്പാടി-ചെങ്കള, ചെങ്കള-നീലേശ്വരം, കണ്ണൂർ ജില്ലയിലെ പേരോൾ– തളിപ്പറമ്പ്, തളിപ്പറമ്പ്-മുഴപ്പിലങ്ങാട്, കോഴിക്കോട് ജില്ലയിലെ അഴിയൂർ– വെങ്ങളം, മലപ്പുറം ജില്ല ഉൾപ്പെടുന്ന രാമനാട്ടുകര -വളാഞ്ചേരി, വളാഞ്ചേരി -കാപ്പിരിക്കാട്, കൊല്ലം ജില്ലയിലെ കൊറ്റൻകുളങ്ങര-കൊല്ലം ബൈപ്പാസ്, കൊല്ലം ബൈപാസ് – കടമ്പാട്ടുകോണം എന്നീ റീച്ചുകളുടെ പ്രാഥമിക നടപടികൾ പൂർത്തിയായിവരുന്നു. ഇതിൽ ചെങ്കള-നീലേശ്വരം, പേരോൾ–തളിപ്പറമ്പ് എന്നിവയുടെ പ്രവൃത്തി കരാറുകാർക്ക് അവാർഡ് ചെയ്തു. കൂടാതെ തലശേരി-മാഹി ബൈപ്പാസ്, കോഴിക്കോട് ബൈപ്പാസ്, നീലേശ്വരം റെയിൽവേ മേൽപ്പാലം, വടകര ഭാഗത്തെ പാലോളി, മൂരാട് പാലങ്ങൾ, കഴക്കൂട്ടം മേൽപ്പാലം എന്നിവയുടെ പ്രവൃത്തി പുരോഗമിക്കുകയാണ്.