ചെറുവത്തൂർ: ഒരു കാലത്ത് ഉപ്പു തൊട്ടു കർപ്പൂരം വരെ വിപണനം ചെയ്തു വന്നിരുന്ന ചെറുവത്തൂർ ചെക്ക് പോസ്റ്റിനു സമീപത്തെ ആഴ്ചച്ചന്തയും ഓർമ്മയാകുന്നു. ദേശീയപാത വികസനത്തിന്റെ ഭാഗമായാണ് ആഴ്ചച്ചന്ത ഒഴിഞ്ഞു പോകേണ്ടി വരുന്നത്. ഇതിന്റെ ഭാഗമായി പ്രദേശത്തെ മരങ്ങൾ മുറിച്ചുമാറ്റി തുടങ്ങി.
പ്ലാസ്റ്റിക് ഷീറ്റ് വലിച്ചുകെട്ടിയാണ് മഴയത്തും വെയിലത്തും ഇവിടെ കച്ചവടം നടത്തുന്നത്. പഴയ രീതിയിൽ വലിയ ആൾക്കൂട്ടമൊന്നും എത്താറില്ലെങ്കിലും മറ്റു മാർക്കറ്റുകളിലേക്കാൾ വിലക്കുറവാണ് ചന്തയിലെന്നത് സാധാരണക്കാർക്ക് ഏറെ പ്രയോജനപ്രദമായിരുന്നു.
പുതിയ വ്യാപാര രീതികളുടെ ഭാഗമായി നാട്ടുകാർ ആഴ്ചച്ചന്തകളെ ആശ്രയിക്കുന്നതിൽ താൽപ്പര്യം കാണിക്കാത്ത വർത്തമാനകാലത്തും പഴയതലമുറയിലെ പതിനഞ്ചോളം വ്യാപാരികൾ എല്ലാ തിങ്കളാഴ്ച്ചയും അതിരാവിലെ തന്നെ ചെറുവത്തൂരിലെത്തുന്നു. പച്ചക്കറി, ഉണക്കമത്സ്യം, തുണിത്തരങ്ങൾ, മൺകലങ്ങൾ തുടങ്ങിയവയുടെ വ്യാപാരം ഇപ്പോഴും ഇവിടെ നടക്കുന്നുണ്ട്. കച്ചവടം കുറഞ്ഞിട്ടുണ്ടെങ്കിലും പണ്ടുമുതലുള്ള ശീലം ഒഴിവാക്കാൻ കഴിയുന്നില്ലെന്ന് രണ്ടു ദശാബ്ദക്കാലമായി കച്ചവടത്തിനെത്തുന്ന നീലേശ്വരം സ്വദേശി ചന്ദ്രൻ പറയുന്നു.
കയ്യൂർ, ചീമേനി തുടങ്ങിയ മലയോര മേഖലകളിൽ നിന്ന് മലക്കറികളുമായെത്തുന്ന ഗ്രാമീണ കർഷകർ തിരിച്ചു പോകുന്നത് ഒരാഴ്ചത്തേക്കുള്ള ഉണക്ക മത്സ്യങ്ങളടക്കമുള്ള വിഭവങ്ങളുമായിട്ടാണ്.
ഇന്നത്തെ വി.വി. നഗറായിരുന്നു ചെറുവത്തൂരിലെ പ്രധാന മാർക്കറ്റ്. വെള്ളാട് രാമൻ, അസിനാറിന്റെ കട, വെള്ളിയോടൻ കണ്ണൻ നായരുടെ കട, ആർ.സിയുടെ കട, കണ്ണന്റെ അങ്ങാടി, പുകയില കച്ചവട സ്ഥാപനം ഇതൊക്കെയായിരുന്നുവത്രെ അന്നത്തെ പ്രധാന വ്യാപാര കേന്ദ്രങ്ങൾ. വ്യാപാരകേന്ദ്രം എന്ന നിലയിൽ ഈ ചന്തയുടെ ഭാഗമായാണ് നിലവിലുള്ള ചെറുവത്തൂർ നഗരം രൂപപ്പെട്ടത്. നിലവിലെ ചന്ത സ്ഥലം ദേശീയപാതയ്ക്കായി ഉപയോഗിക്കുന്നതോടെ ചെറുവത്തൂരിലെ ആഴ്ചച്ചന്തയ്ക്ക് എന്നേക്കുമായി ലോക്ക് വീഴും. അതുകൊണ്ടു തന്നെ പഞ്ചായത്ത് മുൻകൈ എടുത്ത് മഴയും വെയിലും കൊള്ളാതെ കച്ചവടം നടത്താനായൊരു കെട്ടിട സമുച്ചയം അനുവദിക്കണമെന്നാണ് പൊതു അഭിപ്രായം.
നൂറ് വർഷത്തിലധികമാവും ചെറുവത്തൂർ ദേശീയപാതയിലെ ഈ ആഴ്ചച്ചന്ത പ്രവർത്തിക്കാൻ തുടങ്ങിയിട്ട്-കെ.വി. കുഞ്ഞികൃഷ്ണൻ ,പ്രദേശവാസി