മട്ടന്നൂർ: കണ്ണൂർ വിമാനത്താവള പദ്ധതി പ്രദേശത്തിന് ചുറ്റും കൃഷി നാശമുണ്ടാകുന്നത് തടയാൻ തോടുകൾ വീതികൂട്ടി നവീകരിക്കുന്ന പ്രവൃത്തി ഉടൻ തുടങ്ങുമെന്ന് കെ.കെ ശൈലജ എം.എൽ.എ. എസ്റ്റിമേറ്റ് റിവൈസ് ചെയ്ത് ഭരണാനുമതിക്ക് നൽകിയിട്ടുണ്ട്. മൈനർ ഇറിഗേഷൻ ഉദ്യോഗസ്ഥരോട് ഉടൻ തുടർ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും എം.എൽ.എ പറഞ്ഞു. മട്ടന്നൂരിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ. വിമാനത്താവള പുനരധിവാസ കേന്ദ്രങ്ങളിലെ പ്രശ്നങ്ങൾക്കും ഉടൻ പരിഹാരം കാണും. മണ്ഡലത്തിന്റെ തുടർ വികസനത്തിന് മാസ്റ്റർ പ്ലാൻ തയ്യാറാക്കുമെന്നും അവർ അറിയിച്ചു.