ഇരിക്കൂർ: ഇരിക്കൂർ- മട്ടന്നൂർ റോഡിൽ നായിക്കാലിപ്പാലത്ത് യാത്രക്കാർ കടുത്ത ആശങ്കയിലാണ്. ഇവിടെ റോഡ് മിക്കവാറും പുഴയെടുത്തുകഴിഞ്ഞു. വീണ്ടുമൊരു കാലവർഷം ശക്തിപ്രാപിക്കുമ്പോൾ റോഡ് മുഴുവനായും പുഴയെടുക്കുമോയെന്ന ആശങ്കയാണ് നിറയുന്നത്.

വിമാനത്താവളത്തിലേക്കുള്ള റോഡ് വികസനത്തിന്റെ ഭാഗമായി കിഫ്ബിയിൽ ഉൾപ്പെടുത്തി വികസിപ്പിക്കാൻ തീരുമാനിച്ച റോഡാണിത്. 2018ൽ 34 കോടി രൂപ വകയിരുത്തിയാണ് പ്രവൃത്തി ആരംഭിച്ചത്. പുഴയുടെ ഭാഗം കോൺക്രീറ്റ് ചെയ്തു കെട്ടിയുയർത്തണമെന്നുൾപ്പെടെ കരാറിലുണ്ടെങ്കിലും ഇതൊന്നും ചെയ്യാതെ റോഡ് വീതി വർദ്ധിപ്പിക്കുകയായിരുന്നു. 2019ലെ പ്രളയകാലത്ത് പുഴ കരകവിഞ്ഞതോടെ റോഡ് മിക്കവാറും ഒഴുകിപ്പോയി. ഇതിന് ശേഷം റോഡ് പ്രവൃത്തി തീരെ നടന്നില്ല.

ജീവൻപണയപ്പെടുത്തിയാണ് ഇതിലൂടെ വാഹനങ്ങൾ കടന്നുപോകുന്നത്. ബസ് സർവീസുൾപ്പെടെയുള്ള പാതയാണിത്. പരാതി ഉയർന്നതിനെ തുടർന്ന് പി.ഡബ്‌ള്യു.ഡി അധികൃതരും നഗരസഭ അധികൃതരും പലപ്പോഴായി ഇവിടെയെത്തിയതായി നാട്ടുകാർ പറയുന്നു. എന്നാൽ റോഡ് ഉയർത്തുന്നതിനുള്ള നടപടിയൊന്നും ഉണ്ടായില്ല.

കഴിഞ്ഞ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് മുമ്പായി നാട്ടുകാരുടെ കണ്ണിൽപൊടിയിടാനുള്ള നടപടികൾ മാത്രമാണ് അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും നാട്ടുകാർ കുറ്റപ്പെടുത്തുന്നു. ഈ കാലവർഷത്തിലും റോഡ് ഇടിഞ്ഞുതന്നെ കിടക്കുകയാണ്.

നെഞ്ചിടിപ്പേറ്റി ഭാരവാഹനങ്ങൾ

പുഴയിലേക്ക് ഇടിഞ്ഞുകൊണ്ടിരിക്കുന്ന റോഡിലൂടെ ഭാരവാഹനങ്ങളുടെ യാത്ര ഒഴിവാക്കുമെന്ന് അധികൃതർ നേരത്തെ പറഞ്ഞിരുന്നെങ്കിലും ഇക്കാര്യത്തിൽ യാതൊരു നിയന്ത്രണവുമില്ല. വലിയ ലോറികൾ കടന്നുപോകുമ്പോൾ നാട്ടുകാരുടെ നെഞ്ചിടിപ്പേറുകയാണ്.

പലപ്പോഴായി പരാതി അറിയിച്ചെങ്കിലും പ്രവൃത്തി മുന്നോട്ടുപോയിട്ടില്ല. ഈ കാലവർഷത്തിന് മുമ്പ് പ്രശ്നം പരിഹരിക്കാമെന്ന ഉറപ്പും പാഴാവുകയാണ്. പ്രശ്നപരിഹാരത്തിനായി ശ്രമം തുടരും.

കെ.സി മിനി,​ കൗൺസിലർ,​

മട്ടന്നൂർ നഗരസഭ