തലശ്ശേരി: ഇന്നലെ കാലത്ത് വീശിയടിച്ച കാറ്റിൽ തലശ്ശേരി കോടതി അങ്കണത്തിൽ നാശനഷ്ടം . പുതുതായി പണിത ബാർ അസോസിയേഷൻ കാന്റീൻ കെട്ടിടത്തിന്റെ മേൽക്കൂര ഭാഗങ്ങളത്രയുംതെന്നി പറന്നു. ജില്ലാ കോടതി കെട്ടിടത്തിലെ കോർട്ട് ഹാളിനടുത്ത മുറിയുടെ ഓടുകൾ തകർന്നു.

മുൻസീഫ് കോടതി കെട്ടിടത്തിൽ ഉൾപെടെ ചോർച്ച അനുഭവപ്പെട്ടു. നിർമ്മാണത്തിലിരിക്കുന്ന പുതിയ കോർട്ട് കോംപ്ലക്സ് സ്ഥലത്തെ കുഴിയിൽ വെള്ളം നിറഞ്ഞതിനാൽ പ്രവൃത്തി തടസ്സപ്പെട്ടുകിടപ്പാണ് കോടതിക്ക് മുന്നിലെ തണൽമരത്തിന്റെ വലിയ ശിഖരം പൊട്ടിവീണതിനാൽ ദേശീയപാതയിൽ നിന്നും ജോസ് ഗിരി ആശുപത്രിയിലേക്ക് നീളുന്ന അനുബന്ധ റോഡിൽ ഗതാഗതം മുടങ്ങി.

നഗരത്തിൽ നിന്നും അഗ്നിശമന സേനയെത്തി മരച്ചില്ലകൾ വെട്ടി നീക്കി. ഇതേ സമയം പുതിയ ബസ് സ്റ്റാൻഡ് പരിസരത്തുള്ള കെട്ടിടത്തിന്റെ മേൽപ്പുരയിലുള്ള ഷീറ്റും പറന്ന് വീണു. ഇതിനിടെ ടൗൺ ബാങ്ക് ഓഡിറ്റോറിയത്തിനടുത്ത റോഡിൽ നിർത്തിയിട്ട നാനോ കാറിന്റെ ബോണറ്റിനുള്ളിൽ തീയാളിയത് പരിഭ്രാന്തിക്കിടയാക്കി. തീ അഗ്നിശമനസേന അണച്ചു.