sundara

കാസർകോട്: ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനെതിരായ തിരഞ്ഞെടുപ്പ് കോഴയാരോപണ കേസിൽ വിവാദ വെളിപ്പെടുത്തൽ നടത്തിയ മഞ്ചേശ്വരത്തെ ബി.എസ്.പി സ്ഥാനാർത്ഥി കെ.സുന്ദരയുടെ രഹസ്യമൊഴി രേഖപ്പെടുത്താൻ ക്രൈംബ്രാഞ്ച് നീക്കം തുടങ്ങി. കേസ് അന്വേഷിക്കുന്ന കാസർകോട് ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ. എസ്.പി സതീഷ് കുമാർ ആലക്കാൽ ഇതിനായി കാസർകോട് ജുഡിഷ്യൽ ഫസ്റ്റ്ക്ളാസ് മജിസ്ട്രേട്ട് കോടതിയിൽ അപേക്ഷ നൽകും.

കേസിന്റെ തുടർന്നുള്ള അന്വേഷണത്തിലും പിന്നീടും മൊഴി മാറ്റി പറയാതിരിക്കാനുമാണ് 164 വകുപ്പ് പ്രകാരം മജിസ്‌ട്രേറ്റിന്റെ മുമ്പിൽ ഹാജരാക്കി സുന്ദരയിൽ നിന്ന് രഹസ്യമൊഴി എടുക്കാൻ അന്വേഷണ സംഘം തയ്യാറാകുന്നത്. രാഷ്ട്രീയ പ്രാധാന്യമുള്ള കേസ് ആയതിനാൽ, പ്രതിഭാഗത്തിന്റെ സമ്മർദ്ദത്തിന് വഴങ്ങി സുന്ദര മൊഴി മാറ്റിയാൽ അത് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കും. ഇത് തടയുന്നതിന് വേണ്ടിയാണ് ക്രൈംബ്രാഞ്ചിന്റെ നീക്കം. മജിസ്ട്രേട്ടിന് മുന്നിൽ നൽകുന്ന മൊഴി മാറ്റിയാൽ ഗുരുതരമായ പ്രത്യാഘാതമുണ്ടാകുമെന്നതിനാൽ കേസിന് അത് ബലം നൽകുകയും ചെയ്യും.

സുന്ദരയുടെ മൊഴി കേസിൽ നിർണായകമാണ്. നേരത്തെ പണവും മൊബൈൽ ഫോണും കൈക്കൂലിയായി നൽകിയെന്ന വെളിപ്പെടുത്തലിൽ ഉറച്ചുനിന്ന കെ. സുന്ദര, രണ്ടരലക്ഷം തരുന്നതിന് മുമ്പ് പത്രിക പിൻവലിക്കുന്നതിനായി ബി.ജെ.പി നേതാക്കൾ തട്ടിക്കൊണ്ടുപോയി തടങ്കലിൽ പാർപ്പിച്ചു ഭീഷണിപ്പെടുത്തിയെന്ന് അന്വേഷണ സംഘത്തിന് നൽകിയ പുതിയ മൊഴിയാണ് കുരുക്കാകുക. തട്ടിക്കൊണ്ടുപോയി എന്ന പരാതിയിൽ ജാമ്യമില്ലാ കുറ്റം ചേർത്ത് കേസെടുക്കാൻ തന്നെയാണ് നീക്കം. രഹസ്യമൊഴിയെടുപ്പിന് ശേഷമായിരിക്കും ഇക്കാര്യം തീരുമാനിക്കുക.

തട്ടിക്കൊണ്ടുപോവുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്തതായി സുന്ദര ഇതുവരെ ആരോടും പരാതിപ്പെട്ടിട്ടില്ലെന്നും ബി.ജെ. പി നേതാക്കൾ വ്യക്തമാക്കിയിരുന്നു. ബദിയടുക്ക പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ജാമ്യമില്ലാ കുറ്റം കൂടി ചേർക്കുകയോ സുന്ദരയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് പുതിയ എഫ്. ഐ. ആർ ഇടുകയോ ചെയ്‌തേക്കും. കൈക്കൂലിയായി നൽകിയ പണത്തിൽ നിന്ന് ഒരു ലക്ഷം രൂപ ബാങ്കിൽ നിക്ഷേപിച്ച നിലയിൽ ക്രൈംബ്രാഞ്ച് കണ്ടെടുത്തിരുന്നു. അതേസമയം, കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായി സുന്ദരയെ തട്ടിക്കൊണ്ടുപോയി ഒളിവിൽ പാർപ്പിച്ച വീട്ടിൽ നിന്ന് അന്വേഷണ സംഘം തെളിവുകൾ ശേഖരിക്കും.