കാഞ്ഞങ്ങാട്: ഇളവുകൾ ലഭിക്കുന്നതോടെ ഭാഗ്യക്കുറി മേഖലയിൽ വീണ്ടും പ്രതീക്ഷകളുണരുന്നു. ഇന്ന് മുതൽ സംസ്ഥാനത്ത് ലോട്ടറി വില്പന പുനരാരംഭിക്കുകയാണ്. മാറ്റിവച്ച നറുക്കെടുപ്പുകൾ 25 മുതൽ ആരംഭിക്കുമെന്നും അറിയിച്ചിട്ടുണ്ട്. ലോക്ക് ഡൗണിൽ ലോട്ടറി വില്പനക്കാരുടെ ജീവിതത്തിന്റെ താളംതെറ്റിയിരിക്കുകയായിരുന്നു.

കഴിഞ്ഞ ഒരു മാസത്തിലേറെയായി വരുമാനം നിലച്ചിരിക്കുകയാണ്. ആദ്യ ലോക്ക് ഡൗണിന് ശേഷം ലോട്ടറി വില്പനയിൽ മൂന്നിലൊന്ന് ഇടിവാണുണ്ടായത്. വില വർദ്ധിച്ചതിനാൽ ടിക്കറ്റ് വാങ്ങാൻ പലരും മടിച്ചു. വിഷു ബംബറടക്കമുള്ള വരുമാന വർദ്ധനവുണ്ടാക്കുന്ന ലോട്ടറി കച്ചവടം വലിയ തകർച്ചയാണ് നേരിട്ടത്. ജി.എസ്.ടി നേരിട്ട് പണമായി നല്‍കണമെന്ന നിബന്ധന ലോട്ടറി ഏജന്റുമാരെ ശരിക്കും വലച്ചു. നൂറ് ടിക്കറ്റ് വിറ്റിരുന്ന ഏജന്റിന് 40 ടിക്കറ്റ് പോലും വിൽക്കാൻ സാധിക്കാത്ത സ്ഥിതിയായിരുന്നു.

ലോക്ക് ഡൗണിലായ തൊഴിലാളികൾക്ക് 1000 രൂപ സഹായമായി സർക്കാർ തീരുമാനിച്ചെങ്കിലും വിതരണം ആരംഭിച്ചിട്ടില്ല. ആകെ വരുന്ന ലോട്ടറി വില്പനക്കാരിൽ പകുതി പേർക്ക് മാത്രമാണ് ക്ഷേമനിധിയിൽ അംഗത്വമുള്ളതെന്നും പറയുന്നു. അംഗത്വമില്ലാത്ത തൊഴിലാളികൾക്ക് ഒരു സഹായവും ലഭിക്കില്ല. തങ്ങളുടെ ദുരിതത്തിന് സർക്കാർ അടിയന്തര പരിഹാരം കാണണമെന്നാണ് ലോട്ടറി വില്പനക്കാരുടെ ആവശ്യം. ചുരുങ്ങിയത് 10,000 രൂപക്ക് തുല്യമായ സഹായം നല്‍കണമെന്നാണ് തൊഴിലാളി സംഘടനകളുടെ ആവശ്യം.

അതേസമയം തൊഴിലാളികളുടെ പ്രയാസം കണക്കിലെടുത്ത് ലോട്ടറി ടിക്കറ്റ് വാങ്ങാൻ കൂപ്പൺ സംമ്പ്രദാനം ഏർപ്പെടുത്തുമെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്. കൂപ്പൺ നല്കിയാൽ ടിക്കറ്റുകൾ നല്കും. വില്പന നടത്തി തുക പിന്നീട് അടച്ചാൽ മതിയാകും.

ദുർബല വിഭാഗങ്ങളുടെ

പിടിവള്ളി

ഭിന്നശേഷിക്കാർ, പ്രയമായവർ, മറ്റ് അസുഖങ്ങളുള്ളവർ, വിധവകൾ തുടങ്ങിയ ലോട്ടറി വില്പനക്കാരിൽ ഏറെയും ദുർഭല വിഭാഗക്കാരാണ്. മറ്റ് തൊഴിൽ ചെയ്യാൻ കഴിയാത്ത ഇവരുടെ ഏക വരുമാനമാർഗ്ഗമാണിത്.