കാസർകോട്: എരുമങ്ങളം -താന്നിയടി നിവാസികളുടെ ഏറെക്കാലത്തെ കാത്തിരിപ്പിന് വിരാമമാകുന്നു. കേടോം -ബേളൂർ പഞ്ചായത്തിലെ തടിയൻ വളപ്പ് പുഴക്ക് കുറുകെ നിർമ്മിച്ച പാലം ഉദ്ഘാടനത്തിന് സജ്ജമായി. പാലത്തിന്റെ മിനുക്ക് പണികൾ മാത്രമാണ് ബാക്കിയുള്ളത്. കാസർകോട് വികസന പാക്കേജിൽ 2.75 കോടി രൂപ ചെലവിലാണ് പാലം പണിതത്.
എരുമങ്ങളം -താന്നിയാടി റോഡിൽ മുമ്പ് ഉണ്ടായിരുന്ന ഉപയോഗശൂന്യവും അപകടാവസ്ഥയിലുമായിരുന്ന വീതികുറഞ്ഞ വി.സി.ബി കം ബ്രിഡ്ജിന് പകരമായി ഒരു പാലം നിർമ്മിക്കണമെന്നത് വർഷങ്ങളായുള്ള ആവശ്യമായിരുന്നു. 21.56 മീറ്ററിൽ ഒറ്റ സ്പാനിലാണ് പാലം പണിതത്. 7.5 മീറ്റർ വീതിയുള്ള ഗതാഗത സൗകര്യവും ഇരുവശങ്ങളിലുമായി 1.5 മീറ്റർ വീതിയുള്ള നടപ്പാതയോടും കൂടിയാണ് പാലം നിർമ്മിച്ചത്. പൊതുമരാമത്ത് വകുപ്പ് പാലങ്ങൾ വിഭാഗം എക്സി. എൻജിനീയറാണ് പദ്ധതി നടപ്പിലാക്കുന്നത്.
പാലം തുറന്ന് കൊടുക്കുന്നത് പ്രദേശവാസികൾക്കും, കർഷകർക്കും വിദ്യാർത്ഥികൾക്കും വളരെയധികം ഉപയോഗപ്രദമാകുമെന്നും പാലം നിർമ്മാണത്തിലൂടെ കാർഷിക വ്യാവസായിക മേഖലകൾക്ക് മുതൽകൂട്ടാവുമെന്ന് ജില്ലാ കളക്ടർ ഡോ. ഡി. സജിത് ബാബു പറഞ്ഞു. എത്രയും വേഗം ഉദ്ഘാടനം ചെയ്ത് പാലം തുറന്ന് കൊടുക്കാനാണ് ലക്ഷ്യമിടുന്നതെന്ന് കാസർകോട് വികസന പക്കേജ് സ്‌പെഷ്യൽ ഓഫീസർ ഇ.പി. രാജ്‌മോഹൻ അറിയിച്ചു.