തളിപ്പറമ്പ്: മെഡിക്കൽ കോളേജിലെ പൊലീസ് ഔട്ട് പോസ്റ്റ് പൊളിച്ചുമാറ്റി. പൊലീസുകാർ വരാ തായതോടെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ 25 വർഷമായി തുടർന്നിരുന്ന ഔട്ട് പോസ്റ്റാണ് മെഡിക്കൽ കോളേജ് അധികൃതർ പൊളിച്ചു മാറ്റിയത്. മെഡിക്കോ ലീഗൽ കേസുകളിൽ രോഗിയുടെ കൂടെ എത്തിയവർ രേഖകളുമായി രാത്രി കാലങ്ങളിൽ സ്റ്റേഷനിൽ നേരിട്ട് പോകേണ്ട അവസ്ഥയിലാണ് പൊലീസ് ഔട്ട് പോസ്റ്റ് സ്ഥാപിച്ചത്.

കൊവിഡ് പറഞ്ഞാണ് 2020 ഏപ്രിൽ മാസത്തിൽ ഔട്ട് പോസ്റ്റ് പൂട്ടിയത്. പിന്നീട് നവംബറിൽ ഏതാനും ദിവസം പൊലീസുകാർ ഡ്യൂട്ടിക്കെത്തിയെങ്കിലും ക്രമേണ ആരും തിരിഞ്ഞു നോക്കാതെയായി. ഇതോടെ മരുന്നുകൾ സൂക്ഷിക്കാനായി അധികൃതർ എയ്ഡ് പോസ്റ്റ് പൊളിച്ചു നീക്കുകയായിരുന്നു. കേരളത്തിലെ എല്ലാ മെഡിക്കൽ കോളേജുകളിലും 24 മണിക്കൂറും പൊലീസ് സാന്നിദ്ധ്യമുണ്ട്. പരിയാരത്തു നിന്നും പഴയങ്ങാടിയിൽ നിന്നും ഒന്നിടവിട്ട ദിവസങ്ങളിലാണ് കഴിഞ്ഞ 25 വർഷമായി പൊലീസുകാർ ഇവിടെ ഡ്യൂ ട്ടിക്കെത്തിയിരുന്നത്. ചുറ്റുമതിൽ ഇല്ലാത്ത കാമ്പസിൽ പൊലിസ് സാന്നിദ്ധ്യം ഇല്ലാതായതോടെ മോഷണവും വർദ്ധിച്ചു. പി.ജി. വിദ്യാർത്ഥിനിയുടെ ലാപ്ടോപ്പ് മോഷണം പോയതിന് പിന്നാലെ ഏഴ് ലക്ഷം രൂപയുടെ മെഡിക്കൽ ഉപകരണവും കാണാതായിട്ടുണ്ട്.