ആലക്കോട്: ലോക്ക് ഡൗൺ മലയോരമേഖലയ്ക്ക് ഏൽപ്പിച്ചത് താങ്ങാനാവാത്ത പ്രതിസന്ധി. ഇന്ന് മുതൽ കൂടുതൽ ഇളവുകൾ വരുമ്പോൾ കരകയറാനുള്ള പരിശ്രമത്തിലാണ് മേഖല. കർഷകരും കൂലിവേലചെയ്ത് ജീവിക്കുന്നവരും മാത്രമല്ല, വ്യാപാരികൾ, ടാക്സി ഡ്രൈവർമാർ, ചെറുകിട വ്യവസായ സംരംഭകർ തുടങ്ങി സമസ്ത മേഖലകളെയും ഗുരുതരമായി ബാധിച്ചിരിക്കുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും കരകയറുവാൻ സംസ്ഥാന സർക്കാർ മലയോര മേഖലയ്ക്കായി പ്രത്യേക പാക്കേജ് നടപ്പിലാക്കണമെന്ന ആവശ്യവുമുയർന്നു.
അടിക്കടിയുണ്ടാകുന്ന കൃഷിനാശവും വിലസ്ഥിരതയില്ലായ്മയും തൊഴിലാളികൾക്കുള്ള കൂലി വർദ്ധനവും കാരണം മലയോരത്തെ കർഷകരിൽ മിക്കവരും കടക്കെണിയിലാണ്. ഇതിനെത്തുടർന്ന് ബാങ്കുകളുടെയും പലിശക്കാരുടെയും നിരന്തരമായ ഭീഷണിയിൽ പിടിച്ചുനിൽക്കാനാവാതെ വലിയൊരു വിഭാഗം കർഷകർ തങ്ങളുടെ ഭൂമി വില്പന നടത്തി. കിട്ടിയ തുകയിൽ നിന്നും ബാദ്ധ്യതകൾ തീർത്തശേഷം ബാക്കിയുള്ള ചെറിയ തുക കൊണ്ട് അഞ്ചോ പത്തോ സെന്റ് ഭൂമി വിലയ്ക്കുവാങ്ങി താമസം അവിടേയ്ക്ക് മാറ്റിയവരാണ്. നിർമ്മാണ മേഖലയിലാണ് ഇവരിൽ ബഹുഭൂരിപക്ഷവും തൊഴിൽ ചെയ്യുന്നത്.
ചെറുകിട വ്യാപാരികളുടെയും ടാക്സി ഡ്രൈവർമാരുടെയും അവസ്ഥയും ദയനീയമാണ്. ടൗണുകളിലേയ്ക്ക് ആളുകളുടെ വരവ് നിലച്ചതോടെ ഓട്ടോ-ടാക്സി ഡ്രൈവർമാരും ഗതികേടിലായി. മക്കളുടെ വിദ്യാഭ്യാസത്തിനും ഭവന നിർമ്മാണത്തിനും വാഹനങ്ങൾ വാങ്ങിയതിനുമുൾപ്പെടെയുള്ള ബാങ്ക് വായ്പകളുടെ തവണകൾ മുടങ്ങിയതിനെത്തുടർന്ന് ബാങ്കുകളുടെ നടപടികൾ ഭയന്ന് കഴിയുന്നവരാണ് ഏറെയും.
ഇടുക്കി പാക്കേജ് പോലെ, എല്ലാ വിഭാഗം ജനങ്ങൾക്കും പ്രയോജനം ലഭിക്കുന്ന തരത്തിലുള്ള നടപടികളുണ്ടാകുന്നില്ലെങ്കിൽ ഇവിടെ അതിജീവനം അസാദ്ധ്യമായിത്തീരും.