മാഹി: പുതുച്ചേരി സംസ്ഥാന നിയമസഭ സ്പീക്കറായി ബി.ജെ.പി എം.എൽ.എ എമ്പളം ശെൽവൻ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.
എൻ.ആർ കോൺഗ്രസ്, ബി.ജെ.പി, എ.ഐ.ഡി.എം.കെ സഖ്യം പുതുച്ചേരിയിൽ കേവല ഭൂരിപക്ഷം നേടിയതിനെ തുടർന്ന്, എൻ.ആർ കോൺഗ്രസ് നേതാവ് രംഗസാമി നേരത്തെ മുഖ്യമന്ത്രിയായി ചുമതലയേറ്റിരുന്നു. മൂന്ന് നോമിനേറ്റഡ് അംഗങ്ങൾ ഉൾപ്പെടെ 33 അംഗങ്ങളുള്ള സഭയിൽ എൻ.ആർ കോൺഗ്രസിന് പത്തും ബി.ജെ.പിക്ക് ആറും സീറ്റുകളാണ് ലഭിച്ചിരുന്നത്. ബി.ജെ.പി നേതാക്കളായ മൂന്നുപേരെ കേന്ദ്രം നോമിനേറ്റ് ചെയ്തതോടെ ബി.ജെ.പിയുടെ അംഗബലം ഒമ്പതായി. മൂന്ന് സ്വതന്ത്രരുടെ പിന്തുണയും ബി.ജെ.പിക്ക് ലഭിച്ചതോടെ തങ്ങൾക്ക് ഉപമുഖ്യമന്ത്രി, സ്പീക്കർ സ്ഥാനങ്ങൾ വേണമെന്ന ബി.ജെ.പിയുടെ ആവശ്യത്തെ തുടർന്ന് സ്പീക്കർ തിരഞ്ഞെടുപ്പും മന്ത്രിസഭാ വികസനവും അനിശ്ചിതത്തിലായിരുന്നു.
മാരത്തോൺ ചർച്ചകൾക്കൊടുവിലാണ് സ്പീക്കർ സ്ഥാനം നൽകാമെന്ന് രംഗസാമി സമ്മതിച്ചത്. ബി.ജെ.പിക്ക് സ്പീക്കറും രണ്ട് മന്ത്രി സ്ഥാനങ്ങളും ലഭിക്കും. മുഖ്യമന്ത്രി, രണ്ട് മന്ത്രിമാർ, ഡെപ്യൂട്ടി സ്പീക്കർ പദവികൾ എൻ.ആർ കോൺഗ്രസ് പങ്കിടും. ഇന്ന് സ്പീക്കർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും.