train
ട്രെയിൻ കമ്പാർട്ട്‌മെന്റ് രൂപത്തിൽ പണിത റസ്റ്റോറന്റിനു മുന്നിൽ ദീപ്തിക് ദിവാകരൻ

മാഹി: ട്രെയിനുകളോട് ആളുകൾക്കുള്ള അടുപ്പും ഒന്നു വേറെതന്നെയാണ്. ശീതീകരിച്ച് സുഖപ്രദമാക്കിയ എ.സി. കോച്ചിൽ ഇരുന്ന് ചായ കുടിച്ച് ഇരിക്കുന്നതിലെ സുഖം പറയുകയേ വേണ്ട. വടകര എടോടിയിൽ ഗ്രിഫി സൂപ്പർ മാർക്കറ്റിന് എതിർവശത്തെ 'പ്ളാറ്റ്‌ഫോം കഫെ 'എന്ന റസ്റ്റോറന്റിൽ പോയാൽ യാത്ര പോകാതെ തന്നെ ചായയും കുടിക്കാം ട്രെയിനിൽ കയറുകയും ചെയ്യാം.

വടകരക്കാരുടെ ജനപ്രിയ റെസ്റ്റോറന്റ് ആയ പ്ലാറ്റ്ഫോം കഫെയുടെ വിശേഷങ്ങൾ ഇങ്ങനെയാണ് തുടങ്ങുന്നത്.
കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന ആഡിസ് ആർക്കിടെക്സിലെ ഇന്റീരിയർ ആർക്കിടെക്ട് മാഹിക്കാരി സുമയുടെയും പ്രശസ്തഎഴുത്തുകാരൻ ദിവാകരൻ ചോമ്പാലയുടെയും മകൻ ദീപ്തിക് ദിവാകരൻ എന്ന യുവാവാണ് വിസ്മയകരമായി ട്രെയിൻ കമ്പാർട്ട്മെന്റിന്റെ രൂപ കൽപ്പന നിർവ്വഹിച്ചിരിക്കുന്നത്. ഒപ്പം, ആധുനിക സജ്ജീകരണങ്ങളടങ്ങിയ ഈ ജനപ്രിയ റെസ്റ്റോറിന്റെ നിർമ്മിതിയും അദ്ദേഹം തന്നെയാണ് നിർവ്വഹിച്ചത്.
ട്രെയിനിലെന്ന പോലെ നമ്പറിട്ട സീറ്റുകൾ,മുകളിൽ ബർത്തുകൾ, ഫാനുകൾ മറ്റ് അനുബന്ധസൗകര്യങ്ങൾ .
ഓരോ സീറ്റിന്റെയും വശങ്ങളിൽ പുറത്തേക്കുനോക്കുവാനുള്ള വിൻഡോകൾ. വിൻഡോകളെയെല്ലാം എ .സി.ഡി ഡിസ്‌പ്ലേ ഉറപ്പിച്ച് മനോഹരമാക്കിയിരിക്കുന്നു. വിശദമായ മെനുനോക്കി ഭക്ഷണം ഓർഡർ ചെയ്തുകഴിഞ്ഞാൽ ടേബിളിലെത്തുന്നവരെ മുഷിഞ്ഞിരിക്കേണ്ട കാര്യവുമില്ല .
കൂകിക്കുതിച്ചുപായുന്ന തീവണ്ടി മുറിക്കുള്ളിലിരുന്നു പുറത്തേയ്ക്ക് നോക്കിയാൽ, തെന്നിമാറുന്ന ദൃശ്യചാരുത ആസ്വദിക്കാം.
കണ്ണൂർ മുതൽ കോഴിക്കോട് വരെയുള്ള തീവണ്ടി യാത്രയിൽ കാണാനിടയുള്ള ചലനവേഗതയിലുള്ള പ്രകൃതിയുടെ വശ്യമനോഹാരിത, തീവണ്ടിക്കാഴ്ച്ചകളുടെ ഇടമുറിയാത്ത നീണ്ടനിര, ശബ്ദ സഹിതം ഇവിടെയിരുന്ന് ആസ്വദിക്കാനാവും.