കാഞ്ഞങ്ങാട്: കാലപ്പഴക്കത്താൽ നാശോന്മുഖമായി കൊണ്ടിരുന്ന ആലാമിപ്പള്ളി കുളം പുനർജനിക്കുന്നു. കാട് മൂടി മാലിന്യ കൂമ്പാരമായിരുന്ന കുളമാണ് നവീകരിച്ച് സംരക്ഷിക്കുന്നത്. ഒരു കാലത്ത് ആലാമി വേഷം കെട്ടുന്നവർ ദേഹശുദ്ധി വരുത്തിയിരുന്നതും ഈ കുളത്തിൽ നിന്നാണ്. കുളം നിർമാണ പ്രവൃത്തി പുരോഗമിക്കുന്നു.

പുതിയ ബസ് സ്റ്റാൻഡിലേക്ക് ആവശ്യമായ ശുദ്ധജലം ഇനി ഈ കുളത്തിൽ നിന്നാണ് എടുക്കുന്നത്. കുളം സംരക്ഷിക്കണമെന്നത് വർഷങ്ങൾ പഴക്കമുള്ള ആവശ്യമായിരുന്നു. വി.വി. രമേശൻ നഗരസഭ ചെയർമാനായിരിക്കെ തുടങ്ങിവച്ച പ്രവൃത്തിയാണ് ചെയർപേഴ്സൺ കെ.വി.സുജാതയുടെ മേൽനോട്ടത്തിൽ യാഥാർത്ഥ്യമാവുന്നത്. ചെറുകിട ജലസേചന വകുപ്പ് മുഖേന നവീകരണ പ്രവൃത്തികൾ അന്തിമഘട്ടത്തിലാണ്. കുളം സംരക്ഷിക്കുന്നതോടൊപ്പം ചുറ്റുമതിലും സൗന്ദര്യവൽക്കരണവും ഉൾപ്പെട്ടയുള്ള പ്രവൃത്തികളാണ് നടന്നുവരുന്നത്.