കാഞ്ഞങ്ങാട്: കഥകളിക്ക് ജന്മം നൽകിയ കോട്ടയത്ത് തമ്പുരാന്റെ പ്രധാന ആട്ടക്കഥകൾ പിറന്ന മൃദംഗശൈലേശ്വരീ ക്ഷേത്രത്തിൽ കഥകളിക്ക് സ്ഥിരം വേദി ആകണമെന്ന് കണ്ണൂർ -കാസർകോട് ജില്ല കഥകളി ആർട്ടിസ്റ്റ് അസോസിയേഷൻ ഗൂഗിൾ മീറ്റ് യോഗം ആവശ്യപ്പെട്ടു. വജ്രജൂബിലി ഫെല്ലോഷിപ്പിന്റെ പ്രായപരിധി ഉയർത്തുക, 60 വയസു കഴിഞ്ഞ കലാകാരന്മാർക്ക് പെൻഷൻ അനുവദിക്കുക, കൊവിഡ് മൂലം തൊഴിൽ നഷ്ടപ്പെട്ട കലാകാരന്മാർക്ക് അടിയന്തര ധനസഹായം നൽകുക ആവശ്യങ്ങൾ യോഗം ഉന്നയിച്ചു. സംസ്ഥാന പ്രസിഡന്റ് കലാമണ്ഡലം ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കോട്ടക്കൽ രമേശൻ അദ്ധ്യക്ഷത വഹിച്ചു. കഥകളി ആചാര്യൻ സദനം ബാലകൃഷ്ണൻ മുഖ്യാതിഥിയായി. സംസ്ഥാന ജനറൽ സെക്രട്ടറി കലാമണ്ഡലം പ്രശാന്ത് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. രഞ്ജിനി സുരേഷ്, കലാമണ്ഡലം ഗോപാലകൃഷ്ണൻ, ചെറുതാഴം കുഞ്ഞിരാമൻ, കലാമണ്ഡലം മഹേന്ദ്രൻ സംസാരിച്ചു.