പഴയങ്ങാടി: കയറൂരി വിടുന്ന ആടുമാടുകൾ തെരുവുകളും കൃഷിയിടങ്ങളും റോഡുകളും കൈയടക്കി കർഷകർക്കും വ്യാപാരികൾക്കും യാത്രക്കാർക്കും ഒരുപോലെ ഉപദ്രവമാകുന്നു. സ്വകാര്യ വ്യക്തികളും അറവുശാല നടത്തിപ്പുകാരും ഒന്നുപോലെ തങ്ങളുടെ പക്കലുള്ള ആടുമാടുകളെ കയറൂരിവിടുകയാണ്.
പഴയങ്ങാടി, മാട്ടൂൽ, മുട്ടം, പുതിയങ്ങാടി പ്രദേശങ്ങളിലെ കൃഷിയിടങ്ങളിലും വീടുകളിലെ തോട്ടങ്ങളിലും കയറൂരിവിടുന്ന ആടുമാടുകൾ മേഞ്ഞുനടക്കുകയാണ്. റോഡുകളിൽ നിലയുറപ്പിച്ച് വാഹനഗതാഗതം തടസപ്പെടുത്തുന്നവയും കുറവല്ല. രാപ്പകൽ വ്യത്യസമില്ലാതെയാണ് ഇവയുടെ സഞ്ചാരം. വാഹനത്തിരക്കുള്ള പഴയങ്ങാടി, മാട്ടൂൽ, പുതിയങ്ങാടി, മുട്ടം റോഡുകളിലാണ് ഈ ദൃശ്യങ്ങൾ കൂടുതൽ.
യാത്രത്തിരക്കേറിയ കാലത്ത് പഴയങ്ങാടി പുതിയ ബസ് സ്റ്റാൻഡിൽ ആടുമാടുകൾ കൂട്ടത്തോടെ എത്തി വ്യാപാര സ്ഥാപനങ്ങളുടെ മുന്നിലും പരിസരങ്ങളിലും വിസർജ്ജിക്കുന്നത് പതിവായിരുന്നു.
നടപടിയെടുക്കാം, തദ്ദേശസ്ഥാപനങ്ങൾക്ക്
വളർത്തുന്ന ആടുമാടുകളെ കയറൂരി വിടുന്നത് പഞ്ചായത്ത് രാജ് ആക്‌ട് പ്രകാരം ശിക്ഷാർഹമായ കുറ്റമാണ്. കുറ്റം ചെയുന്നവർക്കെതിരെ ക്രിമിനലായും സിവിലായും നടപടി സ്വീകരിക്കുവാൻ പഞ്ചായത്തുകൾക്ക് അധികാരമുണ്ട്. ഗ്രാമസഭകളിലും പൊതുജനങ്ങൾക്കിടയിലും അലഞ്ഞുതിരിയുന്ന കന്നുകാലികളെ കുറച്ച് പരാതി ഉയർന്നതിനെ തുടർന്ന് ചില പഞ്ചായത്തുകൾ ഉച്ചഭാഷിണി വഴി ആടുമാടുകളെ കയറൂരി വിടുന്നതിനെതിരെ മുന്നറിയിപ്പു നൽകിയിട്ടും ഫലമുണ്ടായില്ല.