പട്ടുവം: കിണറുകളിൽ വീണ പാമ്പുകളെ പുറത്തെടുക്കുക ശ്രമകരമായ ദൗത്യമാണ്. വിഷ പാമ്പുകളാകുമ്പോഴോ കിണറിന്റെ ആഴം കൂടുമ്പോഴോ ഇത് പാമ്പുപിടിത്തക്കാർക്കും വെല്ലുവിളിയാണ്. എന്നാൽ, ഇതിനൊരു പോംവഴി കണ്ടെത്തിയിരിക്കുന്നു. പട്ടുവം മാധവ് നഗറിനടുത്ത ചെറുകൊളക്കാട്ടെ ടി.പി. ഗംഗാധരന്റെ വീട്ടിലെ കിണറ്റിലകപ്പെട്ട പാമ്പിനെ പുറത്തെടുക്കാൻ പ്രയോഗിച്ച വിദ്യയാണ് കണ്ണൂർ ജില്ലയിലെ വൈൽഡ് ലൈഫ് റസ്‌ക്യൂവേഴ്സ് ടീം അംഗങ്ങൾക്കിടയിൽ ചർച്ചയായത്.
ഗംഗാധരന്റെ വീട്ടുകിണറിൽ വീണ മൂർഖനെ പുറത്തെടുക്കാനായി എത്തിയ വൈൽഡ് ലൈഫ് റെസ്‌ക്യൂവേഴ്സ് ടീം അംഗം ഷാജി ശ്രമം നടത്തിക്കൊണ്ടിരിക്കെ ഗംഗാധരന്റെ ഭാര്യ ജോയിന്റ് ബി.ഡി.ഒ മീറ ഗൾഫിൽ നിന്ന് കൊണ്ടുവന്ന കോട്ടൺ ഷാൾ ഹാംഗർ നൽകുകയായിരുന്നു. ഒരു കൂട്ടം വളയങ്ങൾ അടങ്ങുന്ന ഹാംഗർ കയറിൽ കെട്ടി കിണറ്റിലിറക്കിയതോടെ മൂർഖൻ വളയങ്ങളിൽ കയറിപ്പറ്റി. പിന്നീട് പിടിവിടാതെ ഇരിക്കുകയും ചെയ്തതോടെ ഷാജിക്ക് എളുപ്പത്തിൽ പാമ്പിനെ പുറത്തെത്തിക്കാനായി. തുടർന്ന് ഇതുപോലുള്ള ശ്രമങ്ങളിൽ ഉപയോഗിക്കാൻ ഹാംഗർ ഷാജി ചോദിച്ചുവാങ്ങിക്കുകയും ചെയ്തു. ജില്ലയിൽ പാമ്പ് പിടിക്കാൻ ലൈസൻസുള്ള 37പേരാണുള്ളത്.