കണ്ണൂർ: ലോക്ക് ഡൗൺ ഒഴിവാക്കുന്ന സാഹചര്യത്തിൽ ജില്ലയിൽ രോഗവ്യാപന സാദ്ധ്യത ഇല്ലാതാക്കാൻ ടി.പി.ആറിന്റെ അടിസ്ഥാനത്തിൽ പ്രദേശങ്ങളെ നാല് വിഭാഗമായി തിരിച്ച് നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. ടി.പി.ആർ എട്ടിനും 20 നും ഇടയിലുള്ള കണ്ണൂർ കോർപ്പറേഷനിലെ ഏഴ് ഡിവിഷനുകളിൽ ബി കാറ്റഗറിയിലെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. 9,17, 38, 39, 42, 43, 45 എന്നിവയാണ് ഈ ഡിവിഷനുകൾ. ഇവിടെ 23 വരെ നിയന്ത്രണമുണ്ടാവും.
നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുമ്പോഴും ജാഗ്രത കൈവിടാതിരിക്കാനാണ് ഈ നടപടിയെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ ടി.വി സുഭാഷ് അറിയിച്ചു.
ടെസ്റ്റ് പോസിറ്റിവിറ്റിനിരക്ക് 8 ശതമാനം വരെയുള്ള മേഖലകളിൽ (എ വിഭാഗം) എല്ലാ കടകളും രാവിലെ 7 മുതൽ വൈകുന്നേരം 7 വരെ പ്രവർത്തനം അനുവദിക്കും.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8 മുതൽ 20 ശതമാനം വരെ ഉള്ള തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിൽ (ബി വിഭാഗം) അവശ്യവസ്തുക്കളുടെ കടകൾ മാത്രം രാവിലെ 7 മുതൽ വൈകുന്നേരം 7 വരെ പ്രവർത്തനം അനുവദിക്കും. മറ്റു കടകൾ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ രാവിലെ 7 മുതൽ വൈകുന്നേരം 7 വരെ.