മട്ടന്നൂർ: രണ്ടു ദിവസമായുള്ള ശക്തമായ കാറ്റിലും മഴയിലും മേഖലയിൽ വ്യാപക നാശനഷ്ടം. മരം പൊട്ടി വീണ് വീടുകൾ തകർന്നു. വൈദ്യുതി തൂണുകളും കമ്പികളും മരം വീണ് തകർന്ന് വൈദ്യുതി ബന്ധം താറുമാറായി. വൻ തോതിൽ കൃഷി നാശവുമുണ്ടായി. പഴശ്ശിയിലെ ശ്രുതി ഭവനിൽ വീരേന്ദ്രകുമാറിന്റെ വീടിന്റെ മേൽക്കൂര മരം വീണ് തകർന്നു. പഴശ്ശി കൊരഞ്ഞിയിലെ വാഴയിൽ ചന്ദ്രന്റെ റബ്ബർ മരങ്ങളും തെങ്ങുകളും കാറ്റിൽ കടപുഴകി വീണു.
പ്രദേശത്ത് ഏക്കർ കണക്കിന് സ്ഥലത്തെ വാഴ, മരച്ചീനി തുടങ്ങിയ കൃഷികളും നശിച്ചിട്ടുണ്ട്. പാലയോട് കനാൽക്കരയിൽ ആലക്കണ്ടി ഭാർഗ്ഗവി, കുഞ്ഞിക്കണ്ടി സൗമിനി എന്നിവരുടെ വീടുകൾ മരം വീണ് തകർന്നു. ശക്തമായ കാറ്റിൽ മരം പൊട്ടി വീണ് മേഖലയിൽ 20 വൈദ്യുതി തൂണുകൾ തകർന്നു. 50 ഓളം സ്ഥലങ്ങളിൽ മരം വീണ് വൈദ്യുതി ലൈൻ തകർന്നു. അഗ്നിശമന സേനയും കെ.എസ്.ഇ.ബി ജീവനക്കാരും നാട്ടുകാരും ചേർന്നാണ് മരങ്ങൾ മുറിച്ചുനീക്കിയത്. മിക്കയിടത്തും വൈദ്യുതി ബന്ധം താറുമാറായി.