ശ്രീകണ്ഠപുരം: ഏരുവേശി ഗ്രാമപഞ്ചായത്ത് പതിനാലാം വാർഡ് മെമ്പർ കോൺഗ്രസിലെ ബെസ്റ്റിൻ സി ബാബു രാജിവച്ചു. വികസന കാര്യത്തിൽ പ്രസിഡന്റിന്റെ ഏകപക്ഷീയ നിലപാടിൽ പ്രതിഷേധിച്ചാണ് രാജി. 14 അംഗ ഭരണസമിതിയിൽ യു.ഡി.എഫിന് 11 അംഗങ്ങളുണ്ട്. കൊക്കമുള്ള് ചാത്തമല ക്വാറി വിരുദ്ധ സമരത്തിന് നേതൃത്വം നൽകിയ ബെസ്റ്റിനെ ജനപിന്തുണ കണ്ടാണ് ചെറുപ്രായത്തിൽ തന്നെ മത്സരിപ്പിക്കാൻ കോൺഗ്രസ് തീരുമാനിച്ചത്. കേരള കോൺഗ്രസ് സ്ഥാനാർത്ഥിക്ക് എതിരെ 130 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിക്കുകയും ചെയ്തു. എന്നാൽ പിന്നീട് വികസന കാര്യത്തിൽ പ്രസിഡന്റും വൈസ് പ്രസിഡന്റും ഉൾപ്പെടെ ഏകപക്ഷീയ നിലപാടാണ് സ്വീകരിക്കുന്നതെന്ന് ബെസ്റ്റിൻ ആരോപിച്ചു. ഭരണസമിതി യോഗത്തിൽ വാക്കുതർക്കവും പതിവാണ്. ഇതിനിടെയാണ് ഫേസ്ബുക്കിലൂടെ താൻ രാജിവച്ചതായി ബെസ്റ്റിൻ പ്രഖ്യാപിച്ചത്. രാജിക്കത്ത് ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് കൈമാറിയിട്ടുണ്ട്. യു.ഡി.എഫ് നേതൃത്വം രാജി പിൻവലിപ്പിക്കാൻ ശ്രമം ആരംഭിച്ചെങ്കിലും ബെസ്റ്റിന്റെ ഫോൺ ഓഫ് ചെയ്ത നിലയിലാണ്.