കൊട്ടിയൂർ: കനത്ത മഴയിലും കാറ്റിലും കൊയ്യാറായ നെൽക്കൃഷി നശിച്ചു. കൊട്ടിയൂർ പഞ്ചായത്തിലെ നാലാം വാർഡ് പന്ന്യാംമലയിലെ താന്നിയാക്കൽ ദിവാകരൻ നായരുടെ ഒരേക്കർ നെൽക്കൃഷിയാണ് വെള്ളത്തിൽ മുങ്ങി നശിച്ചത്. 110 ദിവസത്തിന് മുകളിൽ പ്രായമായ നെല്ല് കാറ്റിൽ പൂർണ്ണമായും അടിഞ്ഞതോടെയാണ് വെള്ളത്തിൽ മുങ്ങി നശിച്ചത്. ഇരുപതിനായിരത്തോളം രൂപയുടെ നഷ്ടം സംഭവിച്ചതായി കണക്കാക്കുന്നു.
കഴിഞ്ഞ ദിവസം കൊയ്യാൻ തീരുമാനിച്ചിരുന്നെങ്കിലും കനത്ത മഴയെത്തുടർന്ന് മാറ്റിവെക്കുകയായിരുന്നു. കഴിഞ്ഞ 65 വർഷമായി ഈ ഒരേക്കറിൽ വർഷത്തിലൊരിക്കലാണ് നെൽക്കൃഷി ചെയ്യുന്നത്. എല്ലാ വർഷവും 10 ക്വിന്റലോളം നെല്ല് ലഭിച്ചിരുന്നു.
കൊട്ടിയൂർ കൃഷി വകുപ്പ് ഉദ്യോഗസ്ഥർ, വാർഡ് അംഗം ബാലൻ പുതുശ്ശേരി, ബ്ലോക്ക് പഞ്ചായത്ത് അംഗം സുനീന്ദ്രൻ, സി.പി.എം കൊട്ടിയൂർ ലോക്കൽ സെക്രട്ടറി കെ.എസ്. നിധിൻ, വരുൺ തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.
കേളകത്ത് മരംവീണ് ശാന്തിഗിരിയിലെ കളപ്പുരക്കൽ ജോസഫിന്റെ വീടിന്റെ മേൽക്കൂര തകർന്നു. ശാന്തിഗിരി കൈലാസംപടിയിലാണ് കാറ്റ് നാശം വിതച്ചത്. പേരാവൂർ വെള്ളർവള്ളിയിലെ കല്ലിങ്കൽ അമ്മിണി അമ്മയുടെ താത്ക്കാലിക ഷെഡ് തെങ്ങ് കടപുഴകി വീണ് തകർന്നു. അമ്മിണി അമ്മയും മകൻ രാജേഷും ഷെഡിന് സമീപത്തുണ്ടായിരുന്നെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.