കാസർകോട്: ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ പ്രതിയായ മഞ്ചേശ്വരത്തെ തിരഞ്ഞെടുപ്പ് കോഴക്കേസിൽ കോഴ വാങ്ങിയെന്ന് വെളിപ്പെടുത്തൽ നടത്തിയ കെ. സുന്ദരയുടെ രഹസ്യമൊഴി മജിസ്‌ട്രേറ്റിന് മുന്നിൽ രേഖപ്പെടുത്തുന്നതിനുള്ള നീക്കം ശക്തമാക്കി അന്വേഷണസംഘം കാസർകോട് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകി. അന്വേഷണം കൂടുതൽ തലങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി സുന്ദരയുടെ രഹസ്യമൊഴി എടുക്കുമെന്ന് 'കൗമുദി ഫ്ലാഷ്' നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. സുന്ദരയെ സ്വാധീനിച്ച് മൊഴി മാറ്റാൻ സാദ്ധ്യതയുണ്ടെന്ന വിലയിരുത്തലിലാണ് അന്വേഷണസംഘത്തിന്റെ പുതിയ നീക്കം. കേസ് കൈകാര്യം ചെയ്യുന്ന മജിസ്‌ട്രേറ്റ്, രഹസ്യമൊഴി എടുക്കുന്ന കീഴ് വഴക്കം ഇല്ലാത്തതിനാൽ ഹൊസ്ദുർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റാകും സുന്ദരയുടെ രഹസ്യമൊഴി രേഖപ്പെടുത്തുക. നിലവിൽ കെ. സുരേന്ദ്രനെ മാത്രം പ്രതിയാക്കി, തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ കൈക്കൂലി നൽകൽ എന്ന വകുപ്പ് മാത്രം ചുമത്തിയാണ് കേസ്. സുന്ദര നൽകുന്ന രഹസ്യമൊഴിയുടെ അടിസ്ഥാനത്തിൽ ആയിരിക്കും കൂടുതൽ വകുപ്പുകൾ ചുമത്തുക.
ബി.ജെ.പി പ്രാദേശിക നേതാക്കളെ കൂടി പ്രതിചേർക്കാനും ക്രൈംബ്രാഞ്ച് നീക്കം നടത്തുന്നുണ്ട്. ഇവർക്ക് ചോദ്യം ചെയ്യലിൽ ഹാജരാകാൻ വൈകാതെ നോട്ടീസ് നൽകും. ഇവരുടെ അറസ്റ്റും രേഖപ്പെടുത്തുമെന്നാണ് വിവരം. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനെ കേസന്വേഷണത്തിന്റെ അവസാന ഘട്ടത്തിൽ മാത്രമേ ചോദ്യം ചെയ്യാൻ നോട്ടീസ് നൽകുകയുള്ളൂ എന്നാണ് ക്രൈംബ്രാഞ്ച് നൽകുന്ന സൂചന. കേസിൽ ശക്തമായ തെളിവുകൾ ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടുണ്ട്. സുന്ദരയ്ക്ക് നൽകാനായി ബി.ജെ.പി നേതാക്കൾ വാങ്ങിയ മൊബൈൽ കടയുടമയുടെ മൊഴിയും, സുന്ദരയ്ക്ക് കോഴയായി കിട്ടിയ പണത്തിൽ ഒരു ലക്ഷം രൂപ സുഹൃത്ത് ബാങ്കിൽ നിക്ഷേപിച്ചതിന്റെ രേഖകളും കേസിൽ പ്രധാന തെളിവുകളാണ്.