ശ്രീകണ്ഠപുരം: കണ്ണൊന്നു തെറ്റിയാൽ, പിന്നെ പോകുന്നത് ചതിക്കുഴിയിലേക്കാവുമെന്നതാണ് ശ്രീകണ്ഠപുരം നഗരത്തിലെ അവസ്ഥ. മഴ കനത്തതോടെ നഗരത്തിൽ സ്ളാബുകൾ അപകടക്കെണിയൊരുക്കി കാത്തിരിക്കുകയാണ്. ഇപ്പോൾ റോഡേത്, സ്ളാബേത് എന്നു തിരിച്ചറിയാൻ കഴിയാത്ത സ്ഥിതിയാണ്.
പൊലീസ് സ്റ്റേഷൻ മുതൽ സിഗ്നൽ ജംഗ്ഷൻ വരെ പലയിടത്തായി നടപ്പാതകൾ തകർന്നു തുടങ്ങി. അധികൃതർ ഇനിയും കണ്ണു തുറന്നില്ലെങ്കിൽ അപകടങ്ങൾ ഇവിടെ ഘോഷയാത്രയാകും. പോസ്റ്റ് ഓഫീസ് പരിസരത്തും സിഗ്നൽ വരെയുള്ള ഭാഗത്തെ നടപ്പാതയുടെ സ്ലാബുകളുമാണ് തകർന്ന് അപകടകെണിയായി മാറിയിരിക്കുന്നത്. നവീകരണത്തിനായി മുമ്പ് ഓവുചാലുകൾക്ക് മീതെ സ്ലാബിട്ടാണ് റോഡിന് ഇരുവശവും നടപ്പാത നിർമ്മിച്ചത്. കാലപ്പഴക്കത്താൽ ഭൂരിഭാഗം സ്ലാബുകളും തകർന്ന അവസ്ഥയിലാണ്.
ചിലയിടങ്ങളിൽ വ്യാപാര സ്ഥാപനഉടമകൾ തങ്ങളുടെ സ്വന്തം ചെലവിൽ തകർന്ന സ്ലാബിന് മുകളിൽ പുതിയ സ്ലാബിട്ട് മൂടിയാണ് തങ്ങളുടെ കൺമുന്നിലെ അപകടം ഒഴിവാക്കുന്നത്. എന്നാൽ പല ഭാഗത്തും മൂടാൻ ആളില്ലാത്തതിനാൽ തുറന്ന് കിടക്കുകയാണ്.
ആ പരാതികൾ എവിടേക്ക് പോയി?
കുഴി ശ്രദ്ധിക്കാതെ ബസിൽ ഓടിക്കയറാൻ ശ്രമിക്കുമ്പോഴും ബസിൽ നിന്നും ഇറങ്ങി നടക്കുമ്പോഴുമാണ് മുമ്പ് അപകടങ്ങൾ ഏറെയും. ഇത്രയൊക്കെയായിട്ടും നടപ്പാത നവീകരിച്ച് സ്ലാബുകൾ മാറ്റി സ്ഥാപിക്കാനുള്ള പദ്ധതി സംസ്ഥാനപാത അധികൃതരോ, നഗരസഭയോ നടത്തിയിട്ടില്ല. പരാതി നൽകിയിട്ടും അനങ്ങുന്നില്ലെന്ന് പറയുന്നു. വ്യാപാരികളും, നാട്ടുകാരും പരാതി പലതവണ പൊതുമരാമത്തിന് നൽകിയിരുന്നെങ്കിലും നിരാശയിലാണ്.
രാത്രിയിൽ നടപ്പാതയിലെ കുഴിയിൽ ചാടി സ്ത്രീകളും, കുട്ടികളുമടക്കം നിരവധി പേർ അപകടത്തിൽപ്പെട്ടിട്ടുണ്ട്. പലർക്കും സാരമായി പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. സിഗ്നലിന് സമീപം കുഴിയിൽ ദിവസേന ചാടുന്നത് നിരവധി പേരാണ്.
നഗരത്തിലെ ഒരു വ്യാപാരി