sajeer

കാസർകോട്: ജീവിതത്തിലെ ദുരിതക്കയത്തിൽ നിന്ന് കരകയറി, അവഗണനയെ വെല്ലുവിളിയാക്കി ഉയരങ്ങൾ കീഴടക്കുകയാണ് 33 കാരനായ എൻ.സി. സജീർ. എടച്ചാക്കൈയിലെ സി.സി മൂസയുടെയും എം.സി. സക്കീനയുടെയും മകനായ സജീർ ഇപ്പോൾ ജില്ലാ കളക്ടറുടെ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് തസ്തികയിലെ നിയമനം പ്രതീക്ഷിക്കുകയാണ്. ഒത്തുവന്നാൽ നിയമസഭാ പ്രസ് സെക്രട്ടറി വരെയാകാനുള്ള ഭാഗ്യം സജീറിനുണ്ടാകും. തിരുവനന്തപുരത്തെ കേന്ദ്രത്തിൽ നിന്ന് കെ.ജി.ടി.ഇ (ഷോർട്ട് ഹാൻഡ്) ഇംഗ്ലീഷും മലയാളവും ഹയർ പരീക്ഷ പാസായതോടെ സി.എ. നിയമന യോഗ്യത നേടിക്കഴിഞ്ഞു. ജോലിക്കിടെ പ്രയാസമേറിയ പരീക്ഷ എഴുതിയാണ് സജീർ കടമ്പ കടന്നത്.

66 പേർ പരീക്ഷ എഴുതിയതിൽ സജീർ മാത്രം നല്ല മാർക്കോടെ വിജയിച്ചതിന്റെ ആഹ്ലാദം പങ്കിടുകയാണ് ഈ ചെറുപ്പക്കാരന്റെ കുടുംബം. പരിശീലന കേന്ദ്രത്തിലും സജീർ തന്നെയാണ് 'ഹീറോ'. അവർ പൊന്നാടയണിയിച്ചാണ് അനുമോദിച്ചത്. കാസർകോട് കളക്ട്രേറ്റിൽ നിലവിലുള്ള സി.എ. വിരമിക്കുകയോ സ്ഥലംമാറുകയോ ചെയ്താൽ സജീർ ആ കസേരയിൽ എത്തും. ദാരിദ്ര്യത്തിന്റെ പടുകുഴിയിൽ നിന്നാണ് ഉയരങ്ങളിൽ എത്താനുള്ള സജീറിന്റെ കുതിപ്പ്.

തലശ്ശേരി സ്വദേശിയായ പിതാവ് മൂസ രണ്ടാം ക്ലാസിൽ പഠിക്കുമ്പോൾ മരിച്ചു. ഉമ്മയും ഇളയുമ്മ ഹാജിറയും അമ്മാവൻ മുഹമ്മദും ഉപ്പയുടെ വീട്ടുകാരും കഷ്ടപ്പെട്ടാണ് സജീറിനെയും മൂന്ന് പെങ്ങൾമാരെയും വളർത്തിയത്. ഒരു ഭാഗത്ത് കൈത്താങ്ങായി ബന്ധുക്കളും സുഹൃത്തുക്കളും മറുഭാഗത്ത് കടുത്ത അവഗണനയും. അപമാനത്താൽ കരഞ്ഞുപോയ ദിവസങ്ങൾ ഉണ്ടായിരുന്നു സജീറിന്. പത്താം ക്ലാസ് പഠനം കഴിഞ്ഞ് കൂലിവേല ചെയ്യുന്നതിനിടെ, ദുബായിലേക്ക് പറന്നു. ദുബായിൽ വെച്ച് പാലക്കാടുകാരൻ ജാഫറിനെ പരിചയപ്പെട്ടതാണ് സജീറിന്റെ ജീവിതത്തിൽ വഴിത്തിരിവായത്.

പഠിച്ചു ജോലി നേടാൻ പിന്തുണ നൽകിയത് ജാഫർ ആയിരുന്നു. ദുബായിലെ ജോലിക്കിടയിൽ പി.എസ്.സി പരീക്ഷയ്ക്ക് അപേക്ഷ അയച്ചു. ഒമ്പത് വർഷത്തിന് ശേഷം നാട്ടിലേക്ക് മടങ്ങിയ സജീർ ഇലക്ട്രിക്കൽ എൻജിനീയറിംഗിന് ചേർന്ന് ഒന്നാം ക്ളാസോടെ പാസായി. കമ്പ്യൂട്ടർ പിജിയും സ്വന്തമാക്കി. കോടതിയിലും കുമ്പള ഹയർ സെക്കൻഡറി സ്കൂളിലും താത്ക്കാലിക ജോലി ചെയ്യുന്നതിനിടെ രണ്ടു പി.എസ്.സി പരീക്ഷ എഴുതി മികച്ച റാങ്കോടെ ലിസ്റ്റിൽ ഇടം നേടിയതോടെ വഴിതെളിഞ്ഞു. 2016 ൽ തിരുവനന്തപുരം പൊതുമരാമത്ത് വകുപ്പിലായിരുന്നു ആദ്യനിയമനം. 2019 ലാണ് രണ്ടാമത്തെ പി.എസ്.സി ലിസ്റ്റ് പ്രകാരം കാസർകോട് കളക്ട്രേറ്റിൽ സജീറിന് നിയമനം ലഭിക്കുന്നത്. 'കഷ്ടപ്പാട് കണ്ട കരുണയുള്ള ദൈവം മോന്റെ വിളികേട്ടു ..' ഉമ്മ സക്കീനയും ഇളയുമ്മ ഹാജിറയും പറയുന്നു. പെങ്ങൾമാരായ സെറീന, ഷെർമിന, ഷെഫീന എന്നിവരും പേരക്കുട്ടികളും സജീറിനൊപ്പം ആഹ്ലാദത്തിൽ പങ്കാളികളാകുന്നു.

ബൈറ്റ്

ജീവിതം ഒട്ടേറെ പഠിപ്പിച്ചു. കഷ്ടപ്പെട്ടാണ് ഈ നിലയിൽ എത്തിയത്. കരയിക്കാനും കുറേപേരുണ്ടായി. അതൊന്നും മൈൻഡ് ചെയ്തില്ല. സർക്കാർ ജോലി നേടണമെന്ന വാശിയുണ്ടായി. ശരിക്കും പ്രാക്ടീസ് പോലും ഇല്ലാതെയാണ് ബുദ്ധിമുട്ടുള്ള പരീക്ഷ എഴുതിയെടുത്തത്.

എം.സി. സജീർ (കാസർകോട് കളക്ടറേറ്റ്)