നീലേശ്വരം: കരുവാച്ചേരി വളവിൽ പാചക വാതക ടാങ്കർ ലോറി മറിഞ്ഞു. വാതക ചോർച്ചയുണ്ടായില്ല. ഡ്രൈവർമാരായ തമിഴ്നാട് സ്വദേശികളായ പാണ്ടി, വല്ലിച്ചാമി എന്നിവർ നിസാരമായ പരിക്കുകളോടെ രക്ഷപ്പെട്ടു. മംഗലാപുരത്തു നിന്നു പുലർച്ചെ ഒരു മണിയോടെ പാചക വാതകം നിറച്ച് കണ്ണൂർ ഭാഗത്തേക്ക് പുറപ്പെട്ട ടാങ്കർ ലോറിയാണ് പുലർച്ചെ അഞ്ചു മണിയോടെ നീലേശ്വരം കരുവാച്ചേരി വളവിൽ എത്തിയപ്പോൾ മറിഞ്ഞത്.

ടാങ്കറിന്റെ കാബിനിൽ നിന്നും ബുള്ളറ്റുമായി ബന്ധിച്ച പ്ലേറ്റിന്റെ പിന്ന് ഊരിയതോടെ നിയന്ത്രണം വിട്ടാണ് ടാങ്കർ മറിഞ്ഞെത്. ഇതിന് തേയ്മാനം വന്നതാകാം പിൻ ഊരാൻ കാരണം .17,500 കിലോഗ്രാം പാചക വാതകമാണ് ഇതിൽ ഉള്ളത്. ജില്ലാ ഫയർ ഓഫീസർ എ.ടി ഹരിദാസിന്റെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് അഗ്നിശമന സേന സ്ഥലത്തെത്തി. ഓഫീസർ കെ.വി പ്രഭാകരൻ, തൃക്കരിപ്പൂർ സ്റ്റേഷൻ ഓഫീസർ ശ്രീനാഥ് എന്നിവരും പരിശോധന നടത്തി. അപകടങ്ങൾ പതിവാകുന്ന സ്ഥലമാണിവിടെ. സിവിൽ ഡിഫൻസ്, പൊലീസ്, റവന്യൂ, കെ.എസ്.ഇ.ബി എന്നിവരും സ്ഥലത്തെത്തിയിരുന്നു. ടാങ്കർ മാറ്റാനുള്ള നടപടികൾ നടന്നുവരുന്നു.