തളിപ്പറമ്പ്: പ്രധാന റോഡിൽ കാൽനട യാത്രക്കാർക്ക് ചെളിയഭിഷേകം. ന്യൂസ് കോർണർ ജംഗ്ഷനിലെ നാലും കൂടിയ റോഡിലാണ് ചെളിവെള്ളം കെട്ടിക്കിടക്കുന്നത്. പോസ്റ്റ് ഓഫീസ്, പൊലീസ് സ്റ്റേഷൻ, കോടതി, നഗരസഭ ഓഫീസ്, താലൂക്ക് ഓഫീസ്, മിനി സിവിൽ സ്റ്റേഷൻ എന്നിവിടങ്ങളിലേക്കുള്ള റോഡാണിത്. മഴ പെയ്താൽ ഇവിടെ ചെളി വെള്ളം നിറഞ്ഞ് കെട്ടി കിടക്കുകയാണ്.

ഇതുവഴി പോകുന്ന വാഹനങ്ങളിലും, വഴിയാത്രക്കാർക്കും ചെളിയാഭിഷേകമാണിവിടെ നടക്കുന്നത്. അശാസ്ത്രീയമായ റോഡ് ടാറിംഗാണ് കാരണം. താലൂക്ക് ഓഫീസിനു മുന്നിലെ റോഡ് വർഷങ്ങൾക്ക് മുമ്പ് ഇന്റർലോക്ക് ചെയ്തിരുന്നു. ഇത് അവസാനിക്കുന്നത് ന്യൂസ് കോർണറിലെ ജംഗ്ഷനിലാണ്.

ഇന്റർലോക്കിന്റെ തുടർച്ചയായ ഭാഗം കോടതി റോഡ് ടാറിംഗ് ചെയ്തതാണ്. സിമന്റ് കട്ട കൊണ്ട് ചെയ്ത റോഡ് ഉയർന്നതും, ടാറിംഗ് ഭാഗം താഴ്ന്നും ആണ് ഇവിടെ ഉള്ളത്. അവിടെയാണ് ചെളി വെള്ളം കെട്ടി കിടക്കുന്നത്. ഇതിന് പരിഹാരമായി ടാർ മിക്സ് ഉപയോഗിച്ച് ആ ഭാഗം ലെവലാക്കുകയോ, താൽക്കാലികമായി സമീപത്തെ ഓവുചാലിലേയ്ക്ക് വെള്ളം തിരിച്ച് വിടുകയോ ചെയ്താൽ പ്രശ്നം പരിക്കാമെന്നിരിക്കെ ഇതൊന്നും കണ്ടില്ലെന്ന് നടിക്കുകയാണ് അധികൃതരെന്നാണ് പരാതി.