kandal
ആയിറ്റി പുഴയോരത്തെ കണ്ടൽ നശിപ്പിച്ച നിലയിൽ

തൃക്കരിപ്പൂർ: തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്തിലെ വെള്ളാപ്പ് ജംഗ്ഷൻ തീരം മുതൽ ആയിറ്റി പുഴയുടെ തീരം വരെ ജെ.സി.ബി ഉപയോഗിച്ച് കണ്ടൽക്കാടുകൾ നശിപ്പിച്ചതിൽ പ്രതിഷേധമുയരുന്നു. കുടിവെള്ള ക്ഷാമമുള്ള തീരങ്ങളിൽ നിന്നാണ് ഉപ്പുകണ്ടൽ അടക്കമുള്ളവ പിഴുതു മാറ്റിയത്. ആവാസ വ്യവസ്ഥിതിയുടെ നിലനിൽപ്പിനും കുടിവെള്ള ലഭ്യതയ്ക്കും ഏറെ പ്രയോജനപ്രദമായ കണ്ടലുകളാണ് വ്യാപകമായി നശിപ്പിച്ചത്.

സംഭവത്തിൽ പഞ്ചായത്ത് പ്രസിഡന്റ് നൽകിയ വിശദീകരണത്തിനെതിരെയും പ്രതിഷേധമുയരുകയാണ്. സാമൂഹ്യ ദ്രോഹികളുടെ അനാശാസ്യ പ്രവർത്തനകേന്ദ്രവും മദ്യലോബിയുടെ കൂടാരവുമായ വെള്ളാപ്പ - ആയിറ്റി ബീച്ച് നാട്ടുകാരുടെ ശ്രമഫലമായി വൃത്തിയാക്കിയതാണ് കണ്ടൽകാട് നശിപ്പിച്ചുവെന്ന പേരിൽ പ്രചരണം നടത്തുന്നതെന്നായിരുന്നു പഞ്ചായത്ത് പ്രസിഡന്റ് സത്താർ വടക്കുമ്പാടിന്റെ വിശദീകരണം.

വലിയ ഉപ്പട്ടിക്കണ്ടലുകളാണ് കൂടുതൽ നശിപ്പിക്കപ്പെട്ടിട്ടുള്ളത്. ഇവയ്ക്ക് 25 വർഷത്തോളം പ്രായം വരും. ചെറിയ ഉപ്പട്ടി, ഭ്രാന്തൻ കണ്ടൽ, കണ്ടേലിയ, കണ്ണാംപൊട്ടി, കണ്ടൽ അനുബന്ധ വിഭാഗത്തിൽപ്പെട്ട മച്ചുംപൊതി, പുഴമുല്ല തുടങ്ങിയവയും ജെ.സി.ബി ഉപയോഗിച്ചും വെട്ടിമുറിച്ചും നശിപ്പിക്കപ്പെട്ടിട്ടുണ്ട്. 400 മീറ്റർ നീളത്തിലും ശരാശരി 10 മീറ്റർ വീതിയിലുമാണ് ഇവിടെ കണ്ടലുകളുണ്ടായിരുന്നത്.

കടുത്ത പ്രതിഷേധം

ഡി.വൈ.എഫ്.ഐ തൃക്കരിപ്പൂർ ടൗൺ മേഖല കമ്മിറ്റി, എൽ.ജെ.ഡി.തൃക്കരിപ്പൂർ പഞ്ചായത്ത് കമ്മിറ്റി എന്നിവരുടെ നേതൃത്വത്തിൽ കണ്ടൽ നശിപ്പിച്ചതിനെതിരെ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. എൽ.ജെ.ഡിയുടെ നേതൃത്വത്തിൽ ആയിറ്റിയിലെ കണ്ടൽ നശിപ്പിച്ച സ്ഥലത്ത് നടന്ന സമരം പാർട്ടി പഞ്ചായത്ത് പ്രസിഡന്റ് വെങ്ങാട്ട് കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഇ. ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.

ജില്ലാപരിസ്ഥിതി സമിതി സ്ഥലം സന്ദർശിച്ചു

കണ്ടൽക്കാടുകൾ വെട്ടിനശിപ്പിക്കപ്പെട്ട പ്രദേശം ജില്ലാ പരിസ്ഥിതി സമിതിയുടെ നേതൃത്വത്തിൽ വിവിധ പരിസ്ഥിതി സംഘടനാ പ്രവർത്തകർ സന്ദർശിച്ചു. കണ്ടൽ പുനഃസ്ഥാപനമുൾപ്പെടെയുള്ള പ്രത്യക്ഷ സമരപരിപാടികൾക്ക് മുൻകൈ എടുക്കുമെന്ന് ജില്ലാ പരിസ്ഥിതി സമിതി അറിയിച്ചു. ഈ പ്രദേശത്തുണ്ടായ പരിസ്ഥിതിനാശം സംബന്ധിച്ച് വിശദമായ പഠനം നടത്തി പരിസ്ഥിതി -വനം വകുപ്പ് അധികൃതരെ ബോധ്യപ്പെടുത്തുമെന്നും ഇവർ അറിയിച്ചു.

കാസർകോട് ജില്ലാ പരിസ്ഥിതി സമിതി സെക്രട്ടറി വി.കെ വിനയൻ, പ്രസിഡന്റ് അഡ്വ. ടി.വി. രാജേന്ദ്രൻ, ട്രഷറർ പവിത്രൻ തോയമ്മൽ, നല്ല ഭൂമി പയ്യന്നൂരിന്റെ കെ പി വിനോദ്, വി.വി രവീന്ദ്രൻ (സീക്ക്), എൻ. സുകുമാരൻ, കെ.വി കൃഷ്ണപ്രസാദ്, ആനന്ദ് പേക്കടം, പി. വേണുഗോപാലൻ, എൻ.കെ ജയദീപ്, വി.എം സുവിൻ (സുന്ദർലാൽ ബഹുഗുണ പരിസ്ഥിതി വേദി, തൃക്കരിപ്പൂർ) എന്നീ പരിസ്ഥിതി സംഘടനാ പ്രവർത്തകരാണ് സന്ദർശിച്ചത്.

സാമൂഹ്യ ദ്രോഹികളുടെ അനാശാസ്യ പ്രവർത്തന കേന്ദ്രവും, മദ്യലോബിയുടെ കൂടാരവമായ വെള്ളാപ്പ - ആയിറ്റി ബീച്ച് നാട്ടുകാരുടെ ശ്രമഫലമായി വൃത്തിയാക്കിയതിനെ കണ്ടൽ കാട് നശിപ്പിച്ചു എന്ന പേരിൽ പ്രചരണം നടത്തുന്നത് ഖേദകരമാണ് . എന്ത് ചെയ്തു എന്നല്ല ആരു ചെയ്തു എന്നാണ് ചിലർക്ക് വിഷയവും പ്രശ്നവും. സമീപവാസികൾ നേരിടുന്ന ദുരിതവും പ്രയാസവും മനസ്സിലാക്കി യുവാക്കൾ സമ്പത്തും സമയവും ചിലവഴിച്ച് നടത്തിയ പ്രവർത്തനം മാതൃകാപരമാണ്. സാമൂഹ്യ ദ്രോഹികളുടെ താൽക്കാലിക കിടപ്പുമുറി പോലും ഇവിടെ കണ്ടെത്തിയിരുന്നു-

സത്താർ വടക്കുമ്പാട്, പ്രസിഡന്റ്,

തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത്