മട്ടന്നൂർ: വെള്ളിയാംപറമ്പ് കിൻഫ്ര വ്യവസായ പാർക്കിൽ 15 കോടി രൂപ ചെലവിട്ട് വൈദ്യുതി സബ് സ്റ്റേഷൻ നിർമ്മിക്കാൻ ഭരണാനുമതിയായി. പാർക്കിൽ വൈദ്യുതി എത്തിക്കുന്നതിനായാണ് സബ് സ്റ്റേഷൻ നിർമിക്കുന്നത്. 15 കോടി രൂപയിൽ ഏഴരക്കോടി വീതം വൈദ്യുതി വകുപ്പും കിൻഫ്രയുമാണ് ചെലവിടുക. സാങ്കേതികാനുമതി ലഭിക്കുന്നതോടെ പ്രവൃത്തി ടെൻഡർ ചെയ്ത് നിർമാണം തുടങ്ങും. വ്യവസായ പാർക്കിനായി വെള്ളിയാംപറമ്പിൽ 140 ഏക്കറാണ് കിൻഫ്ര ഏറ്റെടുത്തിട്ടുള്ളത്. സ്ഥലത്ത് വൈദ്യുതിയും വെള്ളവുമെത്തിക്കാനുള്ള നടപടികളാണ് പുരോഗമിക്കുന്നത്. പൈപ്പ് ലൈൻ നിർമ്മിക്കുന്നതിനായി ചാവശ്ശേരിപ്പറമ്പ് ടൗൺഷിപ്പ് കോളനിക്ക് സമീപം 40 സെന്റ് സ്ഥലം ഏറ്റെടുക്കാനുണ്ട്. പാർക്കിൽ വൈദ്യുതിയും വെള്ളവുമടക്കമുള്ള സൗകര്യങ്ങളായാൽ സംരംഭകർക്ക് സ്ഥലം വിട്ടുനൽകാൻ കഴിയും. പാർക്കിൽ റോഡ് ഉൾപ്പടെയുള്ളവ പൂർത്തിയാക്കി ഒന്നാംഘട്ട പ്രവൃത്തികളുടെ ഉദ്ഘാടനം നടത്തിയിരുന്നു. അന്താരാഷ്ട്ര കൺവെൻഷൻ സെന്റർ, റബ്ബർ കൈയുറ ഫാക്ടറി എന്നീ സംരംഭങ്ങൾക്ക് കിൻഫ്ര പാർക്ക് കേന്ദ്രീകരിച്ച് തറക്കല്ലിട്ടിട്ടുണ്ട്. ഇ-സ്കൂട്ടർ നിർമ്മാണ ഫാക്ടറി ഉൾപ്പടെയുള്ള കൂടുതൽ സംരംഭങ്ങൾ തുടങ്ങാനും പദ്ധതിയുണ്ട്.