തലശ്ശേരി: എരഞ്ഞോളിപ്പാലം കണ്ടിക്കലിലെ ബീവറേജ്സ് കോർപ്പറേഷൻ ഔട്ട്ലെറ്റിൽ ലോക്ക് ഡൗൺ ഇളവ് ലഭിച്ചപ്പോൾ വൻ തിരക്കാണ് ഇന്നലെ അനുഭവപ്പെട്ടത്. പുലർച്ചെ മുതൽ ആളുകൾ കോരിച്ചൊരിയുന്ന മഴയത്ത് എത്തി ക്യൂ നിൽക്കാൻ തുടങ്ങിയിരുന്നു. പൊലീസും എക്‌സൈസുമാണ് എത്തിയ ആളുകളെ നിയന്ത്രിച്ചത്. ആളുകളുടെ കൈയിൽ സാനിറ്റൈസർ അടിച്ചാണ് മദ്യം നൽകിയത്. നീണ്ട ക്യൂ ആയതിനാൽ ചിലർ തൊട്ടടുത്തുള്ള മാഹി കോപ്പാലത്തെ മദ്യ ഷാപ്പുകളെയാണ് ആശ്രയിച്ചത്. വരും ദിവസങ്ങളിളും പൊലീസിന്റെ ശക്തമായ നിരീക്ഷണം പരിസരത്തുണ്ടാകും.
എന്നാൽ, മയ്യഴിയിലെ 63 മദ്യഷാപ്പുകളും ഇന്നലെ തുറന്നെങ്കിലും എവിടെയും തിരക്ക് അനുഭവപ്പെട്ടില്ല. കേരളത്തിൽ മദ്യഷാപ്പുകൾ തുറന്നത് മാത്രമല്ല, മഴയും കൊവിഡുമെല്ലാം വിൽപ്പനയെ ബാധിച്ചിട്ടുണ്ട്. കേരളത്തേക്കാൾ മാഹിയിൽ മദ്യത്തിന് ഗണ്യമായ വിലക്കുറവുണ്ടായിട്ടും ആളുകൾ എത്താതിരുന്നത് മദ്യ വ്യാപാരികളേയും അധികാരികളേയും അത്ഭുതപ്പെടുത്തി. പുതുച്ചേരി സർക്കാർ നികുതി കുറച്ചതിനാൽ വലിയ വില വ്യത്യാസം നിലവിലുണ്ട്. തള്ളിക്കയറ്റം തടയാനും, ഷോപ്പുകളിൽ അകലം പാലിക്കാനും, ക്രമസമാധാന പാലനം ഉറപ്പ് വരുത്താനുമൊക്കെ വൻ സന്നാഹങ്ങളൊരുക്കിയിരുന്നെങ്കിലും ഇതെല്ലാം ഇന്നലെ വെറുതെയായ കാഴ്ചയായിരുന്നു.