sathi

കാഞ്ഞങ്ങാട്: നിലത്ത് കാലുറപ്പിച്ച് ഒന്നുനിവർന്നുനിൽക്കാനോ, പേന മുറുകെ പിടിച്ച് എഴുതാനോ കഴിയാത്ത അവസ്ഥയിലും കീഴ്പെടാതെ പുസ്തകങ്ങൾ കൊണ്ട് വിധിയോട് പോരാടുന്ന സതി കൊടക്കാട് എന്ന എഴുത്തുകാരിയ്ക്ക് ഈ വായനാദിനത്തിൽ തിരക്കോടുതിരക്കാണ്. ഒന്നും രണ്ടുമല്ല, പന്ത്രണ്ട് വിദ്യാലയങ്ങളിലാണ് വായനാപക്ഷാചരണം ഉദ്ഘാടനം ചെയ്യുന്നത്. എല്ലാം ഗൂഗിൾമീറ്റിലൂടെയാണെന്ന് മാത്രം.

മേലാങ്കോട്ട് എ.സി. കണ്ണൻ നായർ സ്മാരക ഗവ.യു.പി.സ്കൂൾ,കയ്യൂർ ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ, കാലിച്ചാനടുക്കംഗവ. ഹൈസ്കൂൾ ,കൊടക്കാട് കേളപ്പജി മെമ്മോറിയൽ ഹൈസ്കൂൾ,തൃക്കരിപ്പൂർ സെന്റ് പോൾസ് എ.യു.പി.സ്കൂൾ ,തെക്കെക്കാട്എ.എൽ.പി.സ്കൂൾ ,പുലിയന്നൂർഗവ.എൽ.പി.സ്കൂൾ ,കൊടക്കാട്ഗവ. വെൽഫേർ യു.പി.സ്കൂൾ,

പൊള്ളപ്പൊയിൽ എ.എൽ.പി.സ്കൂൾ , പാടിക്കീൽ ഗവ.യു.പി.സ്കൂൾ,മുഴക്കോത്ത്ഗവ.യു.പി.സ്കൂൾ,തലശ്ശേരി കിടഞ്ഞി യു.പി.സ്കൂൾ എന്നിവിടങ്ങളിലെ വായനാപക്ഷാചരണപരിപാടികളിലാണ് സതിയെ ക്ഷണിച്ചിരിക്കുന്നത്.

സ്പൈനൽ മസ്കുലാർ അട്രോഫി ടൈപ് 2 ബാധിച്ച കൊടക്കാട് പൊള്ളപ്പൊയിൽ സ്വദേശി എം.വി.സതിയുടെ ജീവിതത്തിലെ വെളിച്ചം പുസ്തകങ്ങൾ നൽകിയതാണ്. നാലാം ക്ലാസോടെ സ്കൂൾ പഠനം അവസാനിച്ചു. സാമൂഹിക പ്രവർത്തകനും അദ്ധ്യാപകനുമായിരുന്ന അച്ഛൻ സിവിക് കൊടക്കാട് വായനശാലയിൽനിന്ന് പതിവായി പുസ്തകങ്ങൾ എടുത്തു നൽകി. അച്ഛനെ പോലും അദ്ഭുതപ്പെടുത്തി സതി അയ്യായിരത്തോളം പുസ്തകങ്ങൾ വായിച്ചുതീർത്ത് ആസ്വാദനക്കുറിപ്പ് തയാറാക്കി. അച്ഛന്റെ പ്രോത്സാഹനത്തിൽ അവൾ കഥയെഴുത്തിലേക്കു ചുവടുമാറി. ‘ഗുളിക വരച്ച ചിത്രങ്ങൾ’ എന്ന കഥാസമാഹാരവും ‘കാൽവരയിലെ മാലാഖ’ എന്ന കവിതാസമാഹാരവും പുറത്തിറക്കി. 2008 - 2013 കാലത്ത് മൂന്നാം ക്ലാസിലെ മലയാളം - കന്നട പാഠാവലിയിൽ 'വായിച്ച് വായിച്ച് വേദന മറന്ന്' എന്ന പേരിൽ സതിയുടെ അനുഭവം ഉൾപ്പെടുത്തിയിരുന്നു.ഈ കഥകളറിഞ്ഞ് ആയിരക്കണക്കിന് കുട്ടികൾ സതിക്ക് കത്തുകളെഴുതി. എം.ടിയും സി.രാധാകൃഷ്ണനും അടക്കമുള്ള പ്രഗത്ഭരുടെ വാത്സല്യവും ലഭിച്ചു. ‘തിരുമംഗല്യം എന്ന സിഡിയിൽ താൻ എഴുതിയ ഗാനം ഗായിക കെ.എസ്. ചിത്ര ആലപിച്ചത് നിറകണ്ണുകളോടെ കണ്ടതും സതിയുടെ അനുഭവം.

അവശത കൂടി വിരലുകൾ വഴങ്ങാതായപ്പോൾ സ്മാർട്ട് ഫോണിലായി എഴുത്ത്. ഇതിനിടെ ബലമായി നിന്ന അച്ഛൻ യാത്രയായി. പക്ഷേ, അമ്മ പാട്ടിയും സഹോദരന്മാരായ മുരളീധരനും സുരേന്ദ്രനും ജേഷ്ഠത്തി രജിതയും കരുതലായി. സുഹൃത്തുക്കൾ ചേർന്ന് ഇലക്ട്രിക് വീൽചെയർ സമ്മാനിച്ചതോടെ കാലങ്ങൾക്കു ശേഷം സതി പുറംലോകം കണ്ടു.ശാരീരിക അവശതകൾ അനുഭവിക്കുന്നവർക്കു വേണ്ടി പയ്യന്നൂർ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഫ്ലൈ വിത്തൗട്ട് വിങ്സ് എന്ന സംഘടനയിലെ സജീവപ്രവർത്തകയാണിന്ന് സതി.