കണ്ണൂർ: വന്യജീവി ആക്രമണത്തിൽ കാർഷിക വിളകൾ നഷ്ടപ്പെട്ട് പയ്യാവൂർ പഞ്ചായത്തിലെ ഒരു കൂട്ടം കർഷകർ. കർണാടക വനമേഖലയോട് ചേർന്ന് കിടക്കുന്ന പയ്യാവൂർ പഞ്ചായത്തിലെ വഞ്ചിയം, ആടാംപാറ, ഷിമോഗ, പാടാംകവല, കാഞ്ഞിരകൊല്ലി, ശാന്തിനഗർ തുടങ്ങിയ ജനവസാകേന്ദ്രങ്ങളിലാണ്

ജീവനും സ്വത്തിനും ഭീഷണിയായി കാട്ടാനകളുടെയും മറ്റ് വന്യജീവികളുടെയും വിഹാരം. ലക്ഷങ്ങളുടെ നഷ്ടമാണ് ഈ പ്രദേശങ്ങളിലെ കർഷകർ നേരിട്ടു കൊണ്ടിരിക്കുന്നത്.

ഇവയുടെ ഉപദ്രവംകൊണ്ട് ജീവിതം ദുസ്സഹമായ കർഷർ കാലങ്ങളായി ഉയർത്തികൊണ്ടിരിക്കുന്ന ആവശ്യങ്ങൾ അധികാരികൾ കണ്ടില്ലെന്നടിക്കുകയാണ്. കൊവിഡിനെ തുടർന്ന് പൊതുവെ കർഷകർ നഷ്ടത്തിലായിരിക്കുമ്പോഴാണ് വന്യജീവി ആക്രമണം മറുവശത്ത് രൂക്ഷമാകുന്നത്. വന്യജീവി ഭീഷണിയെ തുടർന്ന് കൃഷി ഉൾപ്പെടെ ഉപേക്ഷിച്ച് ജനങ്ങൾ മറ്റ് സ്ഥലങ്ങളിലേക്ക് പാലായനം ചെയ്യേണ്ട സ്ഥിതിയാണ്.

സ്വന്തമായി വീടില്ലാത്ത പലരും വാടക വീട്ടിൽ താമസിച്ചാണ് ഇവിടങ്ങളിൽ കൃഷി ചെയ്ത് വരുന്നത്. വിളവെടുപ്പിന് പാകമായി നിൽക്കുന്ന കൃഷിയിടങ്ങളായിരിക്കും പലപ്പോഴും പാടെ ചവിട്ടിമെതിക്കുന്നത്. വന്യമൃഗ ശല്യത്തിൽ നിന്ന് സംരക്ഷിക്കാൻ ശാശ്വത പരിഹാരമാർഗങ്ങൾ കൈക്കൊള്ളണമെന്നാണ് ഇവിടയുള്ളവരുടെ ആവശ്യം.

ആവശ്യങ്ങൾ ഇവ

ഫലവത്തായ വൈദ്യുതി വേലി നിർമ്മാണം

ആനത്താരകളിൽ ആന മതിൽ

ശക്തമായ മുള്ളുകമ്പി വേലി

മതിയായ നഷ്ടപരിഹാരം ലഭ്യമാക്കണം

പാടാം കവല ഫോറസ്റ്റ് ഓഫീസ് കാര്യക്ഷമമാക്കണം

കോൺഗ്രസ് ധർണ്ണ

മലയോര മേഖലകളിലെ രൂക്ഷമായ വന്യജീവി ആക്രമണങ്ങളിൽ നിന്നും കർഷകരുടെ ജീവനും സ്വത്തും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് പയ്യാവൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി തളിപ്പറമ്പിൽ ഫോറസ്റ്റ് റേഞ്ച് ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി. ഇരിക്കൂർ എം.എൽ.എ അഡ്വ. സജീവ് ജോസഫ് ഉദ്ഘാടനം ചെയ്തു.